ക്ലബ് ഹൗസിന്റെ പുതിയ മുഖം; ആരാണ് ദന്താര പാഗു?

"ആരെങ്കിലും എന്നെ കേൾക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ കേൾക്കാൻ തയ്യാറാണെങ്കിൽ ഞാൻ വിശ്വസിക്കുന്നു അവർ മാറ്റം ആഗ്രഹിക്കുന്നവരാണെന്ന്."

Update: 2022-09-07 07:16 GMT
Advertising

വളരെ വേഗത്തിൽ പ്രചാരം നേടിയ ശബ്ദാധിഷ്ഠിത ആപ്പായ ക്ലബ് ഹൗസിന് പുതിയ മുഖം. തങ്ങളുടെ ആപ്പ് ഐക്കണുകൾക്ക് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ മുഖം നൽകാറുള്ള അവർ പുതിയതായി നൽകിയ മുഖം ദന്താര പാഗുവിന്റേതാണ്. ഡ്രൂ കട്ടൊക്കെയുടെ മുഖം മാറി ദന്താര പാഗുവിന്റെ മുഖം രണ്ടു ദിവസം മുൻപാണ് ക്ലബ് ഹൗസ് അവതരിപ്പിച്ചത്.


ആരാണ് ദന്താര പാഗു?

ബ്രസീലിലെ കറുത്ത വംശജയായ മനുഷ്യാവകാശ പോരാളിയും ആക്ടിവിസ്റ്റുമാണ് ദന്താര പാഗു. വടക്കുകിഴക്കൻ ബ്രസീലിലെ വളരെ പിന്നോക്കം നിൽക്കുന്ന റേസിഫെ സ്വദേശിയാണ് ഇവർ. തന്റെ മാതാപിതാക്കളുടെ പന്ത്രണ്ട് മക്കളിൽ ഒരാളായ ദന്താര പാഗുവിന്റെ നാലോളം സഹോദരങ്ങൾ ചെറുപ്പത്തിലേ മരണപ്പെട്ടു.




 

"അപരിചിതരായവർ തമ്മിലുള്ള ക്ലബ് ഹൗസ് ചർച്ചകൾ നിയന്ത്രിച്ചാണ് ദന്താര പാഗു ശ്രദ്ധിക്കപ്പെടുന്നത്. ഇന്നവർ തന്റെ രാജ്യത്തിനും ( ഈ ലോകത്തിനും തന്നെ) വളരെ അത്യാവശ്യമായ ഒരു സേവനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്; കറുത്ത സ്ത്രീയെന്ന നിലയിൽ തന്റെ പ്രാഥമികമായ അവകാശങ്ങൾ നിരാകരിക്കുന്നവരായിട്ടുകൂടി സാമൂഹികവും രാഷ്ട്രീയപരവുമായി വ്യത്യസ്ത ആശയധാരകളിൽപെട്ടവർക്കിടയിൽ സംവാദം നടത്തുക."- ക്ലബ് ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു. വംശീയതയുടെയും ആക്രമണങ്ങളുടെയും ഇര കൂടിയാണ് ദന്താര പാഗു.

വംശീയ വിരുദ്ധ പോരാട്ടമെന്നത് ഇവർക്ക് മാനവരാശിയുടെ തന്നെ ജീവിതനിലവാരം ഉയർത്താനുള്ള യാത്രയാണ്. " വംശീയതയെന്നത് നിർഭാഗ്യവശാൽ എല്ലാവരെയും ബാധിക്കുന്ന രോഗമാണ്. ചിലർ കുറച്ച് ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരുകയുള്ളൂ, ചിലർ വളരെ കൂടുതലും. അതിനെ കുറിച്ച് വിശദീകരിക്കേണ്ട ഒരു ബാധ്യതയും കറുത്ത മനുഷ്യർക്കില്ല. ദൈവാനുഗ്രഹത്താൽ ചികിത്സയിലൂടെ ഇതിന്റെ ഭീകരതയിൽ നിന്നും മോചനം നേടിയ ഞാൻ ആ അനുഭവങ്ങളെ കുറിച്ച് ഇന്നെനിക്ക് സംസാരിക്കാൻ കഴിയുന്നു. ഞാൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. ഒരുപാട് മോശം അനുഭവങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ആരെങ്കിലും എന്നെ കേൾക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ കേൾക്കാൻ തയ്യാറാണെങ്കിൽ ഞാൻ വിശ്വസിക്കുന്നു അവർ മാറ്റം ആഗ്രഹിക്കുന്നവരാണെന്ന്."- അവർ പറഞ്ഞു.

ക്ലബ് ഹൗസിലൂടെ ദന്താര പാഗു ബ്രസീലിലെ പല പ്രമുഖരുമായും സംവദിച്ചിട്ടുണ്ട്. ഈ പ്ലാറ്റഫോമിൽ വന്നതോടെ രാജ്യത്തെ അവരുടെ പ്രശസ്തി വർധിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News