എക്സ് ഇ: കോവിഡിന്‍റെ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി
ഒമിക്രോണിന്‍റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡിന്‍റെ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ (XE) എന്നാണ് ഈ വകഭേദത്തിന്റെ പേര്.
ഒമിക്രോണിന്‍റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ ബിഎ.2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇയ്ക്ക്.
ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബ്രിട്ടന്‍റെ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം വിവിധ രാജ്യങ്ങളില്‍ ബിഎ.2 വകഭേദം പടരുകയാണ്. ബ്രിട്ടനു പുറമേ അമേരിക്കയിലും ചൈനയിലും കോവിഡ് കേസുകള്‍ കുത്തനെ കൂടി. ചൈനയില്‍ മാർച്ചിൽ ഏകദേശം 1,04,000 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. അടുത്തിടെയുള്ള കേസുകളിൽ 90 ശതമാനവും ഷാങ്ഹായ്, വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിലാണ് കണ്ടെത്തിയത്.
ഇന്ത്യയിലാകട്ടെ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഏപ്രില്‍ ഒന്നിന് നിയന്ത്രണങ്ങള്‍ നീക്കി. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ആരാധനാലയങ്ങളിലും തിയറ്ററുകളിലും ജിമ്മുകളിലുമൊന്നും ആള്‍ക്കൂട്ട നിയന്ത്രണമില്ല. അതേസമയം മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം എന്നിവയെല്ലാം ഇനിയും തുടരണം.
Summary- A new strain of the Covid-19 Omicron variant first detected in the UK, appears to be more transmissible than previous strains of the coronavirus. WHO has said that asserting that Covid-19 remains a public health emergency of international concern and warning that it is "too early" to reduce the quality of surveillance.