വാക്‌സിനെടുക്കാത്തവർക്ക് പൊതുഇടങ്ങളിൽ വിലക്ക്; നിയമം പാസാക്കി ഫ്രാൻസ്
ഒമിക്രോണിന്റെ ആവിർഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്
പ്രതിരോധ വാക്‌സിൻ എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിഷേധിച്ചുള്ള നിയമം പാസാക്കി ഫ്രാൻസ്. ദേശീയ അസംബ്ലി നിയമം വോട്ടിനിട്ട് പാസാക്കി. ഇതോടെ രണ്ടുഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് കഫേകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, മ്യൂസിയങ്ങൾ, സ്പോർട്സ് വേദികൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനം പൂർണമായും നിഷേധിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 91% വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഒമിക്രോണിന്റെ ആവിർഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. പുതുതായി ലോക് ഡൗൺ പ്രഖ്യാപിക്കാതെ രോഗികളുടെ എണ്ണം കുറക്കാൻ പുതിയ നിയമം മൂലം സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ 16 വയസിന് മുകളിലുള്ള എല്ലാവർക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രെയിനുകൾ, വിമാന സർവീസുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ നിർബന്ധമാക്കിയിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ പിടിക്കപ്പെട്ടാൽ വൻപിഴയാണ് ഈടാക്കുന്നത്. ഫ്രാൻസിൽ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ 76 ശതമാനവും കോവിഡ് രോഗികളാണ്. ഇതിൽ ഭൂരിഭാഗം പേരും വാക്‌സിനേഷൻ എടുക്കാത്തവരാണ്. കൂടാതെ ദിവസവും 200 ഓളം കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല രാജ്യങ്ങളെ പോലെ ഫ്രാൻസിലും ഒമിക്രോൺ പിടിമുറുക്കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഇഹുവും ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആ മാസം ആദ്യമാണ് ഇഹു റിപ്പോർട്ട് ചെയ്തത്.