പാകിസ്താനിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം
മന്ത്രിസഭ രാത്രിയോടെ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വകുപ്പുകളിലും തീരുമാനമായിട്ടില്ല
പാകിസ്താന്‍: പാകിസ്താനിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം. മന്ത്രിസഭ രാത്രിയോടെ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വകുപ്പുകളിലും തീരുമാനമായിട്ടില്ല. പാകിസ്താനുമായി സൗഹൃദനയം നിലനിർത്തുമെന്ന് ചൈനയും അറിയിച്ചു.
പാകിസ്താൻ മന്ത്രിസഭയിൽ ആരെല്ലാം എന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. വിദേശകാര്യമന്ത്രിയായി ബിലാവൽ ബൂട്ടോ ആണെന്നാണ് സൂചനകൾ. ആഭ്യന്തരമന്ത്രിയായി റാണാ സനഉള്ളയുടെയും ഇൻഫർമേഷൻ മന്ത്രിയായി മറിയം ഔറങ്കസേബിന്‍റെ പേരുകളും പട്ടികയിലുണ്ട്. പാകിസ്താൻ മുസ്ലിം ലീഗ് നേതാക്കളായ ഖ്വാജ ആസിഫ്,ഖുറാം ദസ്തഗിർ, സാദ് റാഫിഖ്, മുർതാസ ജാവേദ് തുടങ്ങിയവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കാം. ഇമ്രാൻ ഖാനെതിരെയുള്ള വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടാനാണ് ശഹബാസ് ശരീഫിന്‍റെ നീക്കം.
ശഹബാസിന്‍റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫിനെ നയതന്ത്ര പാസ്പോർട്ട് വഴി എത്രയും വേഗം തിരികെ കൊണ്ടുവരാനാണ് നീക്കം.പുതിയ പ്രധാനമന്ത്രിക്ക് ആശംസയുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും രംഗത്തെത്തി. പാകിസ്താനുമായുള്ള സൗഹൃദം നിലനിർത്തുമെന്ന് ചൈനയും അറിയിച്ചു. യുഎസുമായി ബന്ധം പുലർത്താൻ ആഗ്രഹമുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ഇന്നലെ രാജ്യത്തെ സാമ്പത്തിക വിദഗ്ധരുമായും ശഹബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.