കുടിയേറ്റക്കാരുടെ ഒഴുക്ക്: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Update: 2022-10-08 11:16 GMT
Advertising

ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ ഒഴുക്ക് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഏപ്രില്‍ മുതല്‍ 17,000 പേരാണ് അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി വഴി കുടിയേറിയത്. ടെക്സാസ്, അരിസോണ, ഫ്ലോറിഡ തുടങ്ങിയ റിപബ്ലിക്കന്‍ സ്റ്റേറ്റുകളില്‍ നിന്ന് കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് അയക്കുന്നുവെന്നാണ് പരാതി. കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടറുകളടക്കം നിറഞ്ഞതോടെയാണ് മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനോട് ന്യൂയോര്‍ക്ക് മേയര്‍ സഹായം തേടിയിട്ടുണ്ട്.

മെക്‌സിക്കോ അതിർത്തി വഴിയാണ് കുടിയേറ്റക്കാര്‍ വരുന്നത്. സെപ്തംബര്‍ മുതല്‍ അഞ്ച് - ഏഴ് ബസ്സുകളിലായാണ് ആളുകള്‍ ന്യൂയോര്‍ക്കിലെത്തുന്നത്. കുടുംബമായിട്ടാണ് മിക്കവരും എത്തുന്നത്. കുട്ടികളില്‍ പലര്‍ക്കും വൈദ്യസഹായം ആവശ്യമായി വരുന്നുണ്ട്. നഗരത്തിലെ 42 ഹോട്ടലുകളാണ് നിലവില്‍ ഷെല്‍ട്ടറുകളാക്കി മാറ്റിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി ഒരു ബില്യണ്‍ ഡോളറിന്റെ പാര്‍പ്പിട അടിസ്ഥാന വികസന പദ്ധതി നടപ്പിലാക്കുമെന്നും മേയര്‍ അറിയിച്ചു.

"ന്യൂയോർക്കുകാർ രോഷാകുലരാണ്. എനിക്കും ദേഷ്യം വരുന്നു. ആയിരക്കണക്കിന് അഭയാർഥികളെ ഏറ്റെടുക്കാമെന്ന് ഒരു കരാറും ഉണ്ടായിരുന്നില്ല. ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. പക്ഷേ സഹായിക്കാനുള്ള കഴിയുന്നതിന്‍റെ പരമാവധി പരിധിയിൽ ഞങ്ങൾ എത്തുകയാണ്. ഞങ്ങളുടെ സാമൂഹിക സേവനം രാഷ്ട്രീയ നേട്ടത്തിനായി മറ്റുള്ളവർ ചൂഷണം ചെയ്യുകയാണ്. ടെക്സസ്, അരിസോണ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറ്റക്കാരെ അയക്കുകയാണ്."

മേയര്‍ ആഡംസിന്റെ പരാമര്‍ശം കാപട്യമാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ആരോപിച്ചു. യു.എസ് - മെക്‌സിക്കോ അതിര്‍ത്തിയിലെ നയം കടുപ്പിക്കണമെന്ന് ബൈഡനോട് ആവശ്യപ്പെടാന്‍ ടെക്‌സസ് ഗവര്‍ണര്‍ നിര്‍ദേശിച്ചു. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനായി പ്രസിഡന്റ് ജോ ബൈഡനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. 

Summary- New York City Mayor Eric Adams has declared a state of emergency to address a crisis situation over an influx of migrants

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News