പുതുതലമുറയ്ക്ക് സിഗരറ്റ് വേണ്ട... പൂർണനിരോധനം നടത്താനൊരുങ്ങി ന്യൂസിലാന്റ്
2008 ന് ശേഷം ജനിച്ച ഒരാൾക്കും സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല
ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. 2008ന് ശേഷം ജനിച്ച ആർക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയിൽ സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ഇതുസംബന്ധിച്ച് നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ശേഷം പതിയെ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ പറഞ്ഞു.
നിലവിൽ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാൽ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അർബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന് പുകവലിയാണ്. അഞ്ച് മില്യൻ ജനസംഖ്യയിൽ വലിയൊരു ശതമാനം പേരുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പർമാർക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വിൽക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സിഗരറ്റ് വിൽക്കാവുന്ന കടകളുടെ എണ്ണം 8000 ത്തിൽ നിന്ന് 500 ആയി ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. സമീപകാലങ്ങളിൽ നിക്കോട്ടിൻ നീരാവിയായി ഉൽപാദിപ്പിക്കുന്ന ഇ സിഗരറ്റ് യുവതലമുറക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. ഇത് അപകടരമല്ലെങ്കിലും അർബുദത്തിന് കാരണമാകുന്ന നിക്കോട്ടിന്റെ അംശങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ഡോക്ടർമാരും ആരോഗ്യവിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്.