ടോയ്‌ലെറ്റ് വെള്ളം കൊണ്ടൊരു ബിയർ! സിംഗപ്പൂർ മാർക്കറ്റില്‍ ചൂടപ്പം പോലെ 'ന്യൂ ബ്ര്യൂ'

ചൂടപ്പം പോലെയാണ് 'ന്യൂ ബ്ര്യൂ' വിറ്റുപോകുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്

Update: 2022-06-30 14:20 GMT
Editor : Shaheer | By : Web Desk
Advertising

സിംഗപ്പൂർ: ടോയ്‌ലെറ്റിലെ മലിനജലം കൊണ്ട് നിർമിച്ച ബിയർ! നെറ്റി ചുളിക്കേണ്ട, സിംഗപ്പൂർ മാർക്കറ്റിൽ ഇപ്പോൾ ട്രെൻഡാകുന്ന പുത്തൻ ബിയറിന്റെ സവിശേഷതയാണിത്. 'ന്യൂ ബ്ര്യൂ' എന്നാണ് ഈ പുതിയ ബ്രാൻഡ് ബിയറിന്റെ പേര്.

സിംഗപ്പൂരിലെ ദേശീയ ജല അതോറിറ്റിയുമായി ചേർന്നുള്ള ബവ്‌റിജസ് കോർപറേഷന്റെ ഏറ്റവും പുതിയ സംരംഭമാണിത്. ജല വകുപ്പിനു കീഴിൽ മലിനജലം ശുദ്ധീകരിച്ച് പുറത്തിറക്കുന്ന കുടിവെള്ളമായ 'ന്യൂവാട്ടർ' ആണ് ബിയറിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. 2018ൽ ഒരു ജലസമ്മേളനത്തിൽ ആദ്യമായി അവതരിപ്പിച്ച 'ന്യൂ ബ്ര്യൂ' കഴിഞ്ഞ മാസങ്ങളിലാണ് സിംഗപ്പൂർ വിപണിയിലെത്തുന്നത്. ജലത്തിന്റെ സുസ്ഥിര ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരൊരു ബിയർ അവതരിപ്പിച്ചിരിക്കുന്നതെന്ന് പദ്ധതിയുടെ ഭാഗമായ മറ്റൊരു കമ്പനിയായ പബ് പ്രതികരിച്ചു.

ചൂടപ്പം പോലെയാണ് 'ന്യൂ ബ്ര്യൂ' വിറ്റുപോകുന്നതെന്നാണ് വിവരം. സിംഗപ്പൂരിലെ ഏറ്റവും വലിയ ബവ്‌റിജസ് ശൃംഖലയായ ബ്യൂകേഴ്‌സ് ഔട്ട്‌ലെറ്റുകളിൽ വിൽപനയ്ക്കുവച്ച ബിയറുകളെല്ലാം ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ടെന്ന് 'ബ്ലൂംബെർഗ്' റിപ്പോർട്ടിൽ പറയുന്നു. മറ്റ് സൂപ്പർ മാർക്കറ്റുകളിലും അധികം വൈകാതെ കാലിയാകുമെന്നാണ് റിപ്പോർട്ട്. മാർക്കറ്റിലെ പ്രതികരണം പഠിച്ച ശേഷമായിരിക്കും അടുത്ത ഘട്ടം പുറത്തിറക്കുകയെന്നാണ് നിർമാതാക്കൾ പറയുന്നത്.

ഇത് ടോയ്‌ലെറ്റ് വെള്ളം കൊണ്ട് നിർമിച്ചതാണെന്ന് പറയാനേ ആകില്ലെന്നാണ് 'ന്യൂ ബ്ര്യൂ' വാങ്ങിക്കുടിച്ച ഒരു ഉപയോക്താവിന്റെ പ്രതികരണം. സാധാരണ ബിയറിന്റെ രുചി തന്നെയാണ് ഇതിനുമുള്ളതെന്നും മലിനജലത്തിൽനിന്ന് നിർമിച്ചതാണെന്ന് പറഞ്ഞിട്ടില്ലെങ്കിൽ ആളുകൾക്ക് അത് മനസിലാകുകയേയില്ലെന്നും മറ്റൊരാൾ പറയുന്നു.

Summary: NEWBrew beer made from recycled toilet water wins admirers in Singapore

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News