നൈജീരിയൻ നോട്ടുനിരോധനം: പണം മാറാൻ നീണ്ട ക്യൂ; കലിപൂണ്ട് ബാങ്കുകളും എ.ടി.എമ്മുകളും തകർത്ത് ജനം; ഒരാൾ കൊല്ലപ്പെട്ടു
പഴയ നോട്ട് മാറാൻ പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ പുതിയ നോട്ടുകൾ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ലാഗോസ്: നോട്ടുനിരോധനം പ്രഖ്യാപിച്ച നൈജീരിയയിൽ പ്രതിഷേധവുമായി ജനം തെരുവിൽ. പഴയ കറൻസികൾ മാറാൻ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ ക്യൂ നിന്ന് മടുത്തതോടെ ജനം പ്രകോപിതരായി. നിരവധി ബാങ്കുകളും എ.ടി.എമ്മുകളും തകർക്കപ്പെട്ടു. പഴയ നോട്ടുകൾ മാറി പുതിയവ വാങ്ങാനുള്ള അവസാന തിയതി ജനുവരി 31ന് അവസാനിക്കുകയും പ്രതിഷേധവും പ്രതിസന്ധിയും കണക്കിലെടുത്ത് നൈജീരിയൻ സെൻട്രൽ ബാങ്ക് ഫെബ്രുവരി 10വരെ നീട്ടുകയും ചെയ്തിരുന്നു.
എന്നാൽ ഈ ദിവസത്തിനുള്ളിലും പ്രതിസന്ധിയും ദൗർലഭ്യവും മാറാതെ വന്നതോടെയാണ് ജനം തെരുവിലിറങ്ങിയത്. രാജ്യത്തെ അഴിമതിയും വിലക്കയറ്റവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നൈജീരിയൻ സെൻട്രൽ ബാങ്ക് ഒക്ടോബറിൽ നോട്ടുനിരോധന പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പഴയ നോട്ട് മാറാൻ പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ പുതിയ നോട്ടുകൾ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പുതിയ നൈറ നോട്ടുകളുടെ ദൗർലഭ്യം നൈജീരിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
1000, 500, 200 നൈറ നോട്ടുകളാണ് സെൻട്രൽ ബാങ്ക് അസാധുവാക്കിയത്. തീരുമാനത്തിൽ നൈജീരിയൻ ഭരണകൂടത്തിന്റെ വീഴ്ച തുറന്നുകാട്ടുന്നതായിരുന്നു പ്രഖ്യാപനം മുതൽ ഇപ്പോഴും തുടരുന്ന ബാങ്കുകളിലെയും എ.ടി.എമ്മുകളിലേയും നീണ്ട ക്യൂ. വെള്ളിയാഴ്ചയായിരുന്നു പഴയ കറൻസി മാറാനുള്ള അവസാന തീയതി. എന്നാൽ ഈ ദിവസങ്ങളിലെല്ലാം പണം പിൻവലിക്കാൻ മണിക്കൂറുകളോളം ബാങ്കുകളിലും എ.ടി.എമ്മുകളിലും ചെലവഴിക്കേണ്ടിവന്നത് ജനങ്ങളെ വലിയ തോതിൽ നിരാശരാക്കി. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.
പുതിയ നോട്ടുകളുടെ ക്ഷാമം മൂലം ബാങ്കുകളിൽ പ്രതിഷേധം ശക്തമായതോടെ സമയപരിധി താൽക്കാലികമായി റദ്ദാക്കാൻ നൈജീരിയൻ സുപ്രിംകോടതി ബുധനാഴ്ച ഉത്തരവിടുകയും അനിഷ്ട സംഭവങ്ങൾ തടയാൻ തിയതി നീട്ടൽ പരിഗണിക്കാൻ അന്താരാഷ്ട്ര നാണയ നിധി സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കോടതി വിധിയോടോ ആവശ്യങ്ങളോടോ സെൻട്രൽ ബാങ്ക് പ്രതികരിച്ചില്ല. പുതിയ നോട്ടുകൾ കള്ളപ്പണ ഏർപ്പാടിന് ബുദ്ധിമുട്ടായതിനാൽ നോട്ടുനിരോധനം തട്ടിപ്പ് കുറയ്ക്കുമെന്നും പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് പറഞ്ഞു.
ഇതിനിടെ, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചില വാണിജ്യ ബാങ്കുകൾ ആക്രമണത്തിനിരയായതിനെ തുടർന്ന് അടച്ചു. തെക്കുപടിഞ്ഞാറൻ നഗരമായ ഇബാദനിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഇബാദനിൽ ഫെബ്രുവരി 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്ലാ പ്രചാരണങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന ഗവർണർ ഉത്തരവിട്ടു.
പ്രതിഷേധക്കാർ നഗരത്തിലെ തങ്ങളുടെ ബാങ്കിന്റെ ഒരു ശാഖ നശിപ്പിച്ചതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് സൂപ്പർവൈസർ നിർദേശിച്ചതായി നൈജീരിയയിലെ വാണിജ്യ കേന്ദ്രമായ ലാഗോസിലെ സെനിത്ത് ബാങ്കിലെ ഉദ്യോഗസ്ഥനായ അദാ ഒകാഫോർ പറഞ്ഞു. വ്യാഴാഴ്ച, ലാഗോസിലെ തെരുവുകളിലും തീരങ്ങളിലും പൊലീസ് പട്രോളിങ് നടത്തിയിരുന്നു. എന്നാൽ ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണ്.
സർക്കാരിന്റെ പുതിയ തീരുമാനമേൽപ്പിച്ച കനത്ത ആഘാതം മൂലം പൗരന്മാർ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിൽ കുറവ് വന്നതായും അവരുടെ കുടുംബത്തെ പോറ്റാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയാനും ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കാനും നോട്ടുനിരോധനം സഹായിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ അവകാശവാദം.
നോട്ടുനിരോധനം നൈജീരിയയെ ഒരു ആധുനിക യുഗത്തിലേക്ക് നയിക്കുമെന്നാണ് സെൻട്രൽ ബാങ്ക് ഗവർണർ ഗോഡ്വിൻ എമിഫീലെയുടെ വാദം. അതേസമയം, പണക്ഷാമം നൈജീരിയയുടെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ നിർണായക മേഖലകളെ ബാധിച്ചു. ഗ്രാമീണ, നഗര മേഖലകളിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമാവുകയും ചെയ്തുവെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു.