'ഇനി മുതൽ പരസ്യങ്ങളിൽ വിദേശ മോഡലുകൾ വേണ്ട'; വിലക്കുമായി നൈജീരിയ
വിദേശ മോഡലുകളെ നിരോധനിക്കുന്ന ആദ്യ രാജ്യമായി നൈജീരിയ മാറും
വിദേശ മോഡലുകളെയും വോയിസ് ഓവർ ആർട്ടിസ്റ്റുകളെയും രാജ്യത്തെ പരസ്യത്തിൽ നിന്നും വിലക്കി നൈജീരിയ. രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒക്ടോബർ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും. നിയമം നടപ്പിലാക്കുന്നതോടെ പരസ്യങ്ങളിൽ വിദേശ മോഡലുകൾക്ക് പൂർണ്ണമായും നിരോധനമേർപ്പെടുത്തുന്ന ആദ്യ രാജ്യമായി നൈജീരിയ മാറും.
കഴിഞ്ഞയാഴ്ചയാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായത്. ഒരുപാട് വർഷമായി രാജ്യത്ത് ഈ മേഖലയിൽ വിദേശീയരുടെ സാന്നിധ്യം കൂടുതലാണ്. വ്യാവസായികാടിസ്ഥാനത്തിൽ സ്വദേശികളുടെ ഇടപെടൽ കൂടുതലായി കൊണ്ടു വരിക എന്നതാണ് നിയമം നടപ്പിലാകുന്നത് മൂലം ലക്ഷ്യമിടുന്നതെന്ന് നൈജീരിയയിലെ അഡ്വർടൈസിംഗ് റെഗുലേറ്ററി കൗൺസിൽ അറിയിച്ചു.
വിദേശ മോഡലുകളെ അവതരിപ്പിക്കുന്നതിന് നൈജീരിയൻ പരസ്യക്കമ്പനികൾക്ക് സമീപകാലത്ത് ചില നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. പരസ്യത്തിൽ വിദേശ മോഡലുകളെ അവതരിപ്പിക്കാൻ കമ്പനികൾ 100,000 നൈറ (നൈജീരിയൻ കറൻസി ) സർക്കാരിന് നൽകണമായിരുന്നു. രാജ്യത്തെ പരസ്യങ്ങളിൽ അഭിനയിക്കുന്ന മോഡലുകളും വോയിസ് ഓവർ ആര്‍ട്ടിസ്റ്റുകളും പകുതിയിലേറെയും വെള്ളക്കാരായിരുന്നു എന്നത് കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. അത്‌കൊണ്ട് തന്നെ പുതിയ നിയമം നടപ്പിലാകുന്നതോടെ ടെലിവിഷൻ പരസ്യങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന പാശ്ചാത്യ, വെള്ളക്കാരായ അഭിനേതാക്കളുടെ എണ്ണത്തിൽ കുറവ് വരുമെന്നതാണ് പ്രധാനം.