നൈജീരിയയിൽ മേളയ്ക്കിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി 14 മരണം
മദ്യപിച്ച് വാഹനമോടിച്ചതിന് കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2022-12-28 15:24 GMT
അബൂജ; നൈജീരിയയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 14 മരണം. തുറമുഖനഗരമായ കലബാറിൽ വർഷാവർഷം നടക്കുന്ന കലബാർ കാർണിവലിനിടെയായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റിറ്റുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെലിബ്രിറ്റികളടക്കം രാജ്യമെങ്ങുമുള്ള ബൈക്കർമാർ പങ്കെടുക്കുന്ന ബൈക്കേഴ്‌സ് റാലിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം.
ആഫ്രിക്കയുടെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടിയെന്നാണ് കലബാർ കാർണിവൽ അറിയപ്പെടുന്നത്. കോവിഡ് മൂലം രണ്ടു വർഷമായി മുടങ്ങിക്കിടന്ന കാർണിവലിൽ ഇത്തവണ നിരവധി ആളുകളുമെത്തിയിരുന്നു.