'9/11 ഭീകരാക്രമണത്തിൽ സൗദിക്ക് പങ്കില്ല'; രഹസ്യരേഖ പരസ്യമാക്കി യുഎസ്
വിമാനം റാഞ്ചിയ സൗദി പൗരന്മാർക്ക് പിന്തുണ നൽകിയവരുമായി ബന്ധപ്പെട്ട 16 പേജുള്ള രഹസ്യരേഖയാണ് എഫ്ബിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്
സെപ്റ്റംബർ 11 ആക്രമണത്തിൽ സൗദി ഭരണകൂടത്തിനു പങ്കില്ലെന്ന് അമേരിക്ക. യുഎസ് ഇന്റലിജൻസ് വിഭാഗമായ എഫ്ബിഐ പരസ്യമാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനം റാഞ്ചിയ സൗദി പൗരന്മാർക്ക് പിന്തുണ നൽകിയവരുമായി ബന്ധപ്പെട്ട 16 പേജുള്ള രഹസ്യരേഖയാണ് എഫ്ബിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയിൽ സൗദി ഭരണകൂടം പങ്കാളിയാണെന്നതിനു തെളിവില്ലെന്ന് രേഖയിൽ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള മുൻവിവരങ്ങൾ സൗദിവൃത്തങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല. ആർക്കും സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
9/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം പരസ്യമാക്കുന്ന ആദ്യത്തെ രഹസ്യരേഖയാണിത്. ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങളുടെ കടുത്ത സമ്മർദത്തെതുടർന്നാണ് ഇവ പുറത്തുവിട്ടത്. ഭീകരാക്രമണക്കേസിൽ നിർണായകമായ രേഖകൾ പുറത്തുവിടണമെന്നായിരുന്നു ആവശ്യം. സൗദിക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നും ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചിരുന്നു.
ആക്രമണത്തിൽ പങ്കാളികളായ 19ൽ 15 പേരും സൗദി പൗരന്മാരാണെന്നു സ്ഥിരീകരിച്ചതോടെയാണ് സൗദി ഭരണകൂടത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആരോപണമുയർന്നിരുന്നത്. എന്നാൽ, തങ്ങൾക്ക് സംഭവത്തിൽ ഒരുതരത്തിലുമുള്ള പങ്കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യരേഖകൾ പുറത്തുവിടുന്നതിന് അമേരിക്കയിലെ സൗദി എംബസി പൂർണ പിന്തുണ അറിയിച്ചിരുന്നു. സൗദിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കാൻ ഇതുകൊണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംബസി പറഞ്ഞു.