ശൈഖ് ഹസീനയെ പുറത്താക്കിയതിൽ തങ്ങൾക്ക് പങ്കില്ല: യു.എസ്
'ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും'
വാഷിംഗ്ടൺ: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയതിന് പിന്നിൽ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് അമേരിക്ക. ആരോപണം ചിരി പടർത്തുന്നതും തെറ്റാണെന്നും യു.എസ് വിശേഷിപ്പിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അമേരിക്ക തിങ്കളാഴ്ച പറഞ്ഞു.
സർക്കാർ ജോലികളിലെ വിവാദമായ ക്വാട്ട സമ്പ്രദായത്തിൽ തൻ്റെ സർക്കാരിനെതിരെയുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് ആഗസ്ത് അഞ്ചിന് ഹസീന രാജിവച്ച് രാജ്യം വിട്ടിരുന്നു. തുടർന്ന്, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്ക സംഘടിപ്പിച്ച ബഹുജന പ്രതിഷേധങ്ങൾ തന്നെ പുറത്താക്കുന്നതിലേക്ക് നയിച്ചെന്ന് ഹസീന ആരോപിച്ചിരുന്നു.
'ശൈഖ് ഹസീനയുടെ രാജിയിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്നുള്ള ഏതൊരു വാർത്തയും തീർത്തും തെറ്റാണ്. സമീപ ആഴ്ചകളിൽ ധാരാളം തെറ്റായ വിവരങ്ങൾ വന്നിരുന്നു. ദക്ഷിണേഷ്യയിലെ തങ്ങളുടെ പങ്കാളികളുടേതടക്കമുള്ള വിവരങ്ങളുടെ സമഗ്രത ഡിജിറ്റൽ ആവാസവ്യവസ്ഥയിലുടനീളം ശക്തിപ്പെടുത്തുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.'- യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രധാന ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.