ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
ഏപ്രിൽ 4ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് ശേഷം ഇമ്രാൻ ഖാൻ തുടരുമോ എന്നതിൽ തീരുമാനമാകും
ഇസ്‍ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചതോടെ പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഈ മാസം 31ന് പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഏപ്രിൽ 4ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് ശേഷം ഇമ്രാൻ ഖാൻ തുടരുമോ എന്നതിൽ തീരുമാനമാകും.
ഏറെ കാലത്തെ തർക്കത്തിനൊടുവിലാണ് പാക് ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നൽകിയത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫാണ് പ്രമേയം അവതരിപ്പിച്ചത്. അവതരണം കഴിഞ്ഞ ഉടനെ ഈ മാസം 31 വരെ സഭ നിർത്തിവെക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
ഈ മാസം 31ന് അവിശ്വാസ പ്രമേയത്തിലുള്ള ചർച്ച നടക്കും. പ്രമേയം അവതരിപ്പിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തിയാൽ മതി എന്നാണ് ചട്ടം. പ്രമേയത്തിൽ അടുത്ത മാസം നാലിന് വോട്ടെടുപ്പ് നടക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് അഹ്മദ് പറഞ്ഞു. ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ലെന്ന് ആവർത്തിക്കുകയാണ് പാക് പ്രധാനമന്ത്രി.
ഇമ്രാന്‍റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ 24 വിമതരും ഇമ്രാനെ പിന്തുണക്കുന്ന മൂന്ന് ചെറുകക്ഷികളും പ്രതിപക്ഷത്തോടൊപ്പമാണ്. കൂറുമാറിയവരെ അയോഗ്യരാക്കിയില്ലെങ്കിൽ വോട്ടെടുപ്പിൽ ഇമ്രാൻ വീഴുമെന്നുറപ്പാണ്. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ഇമ്രാൻ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
Summary - A no-confidence motion against Pakistan Prime Minister Imran Khan was tabled on Monday in the National Assembly by Leader of the Opposition and PML-N President Shehbaz ഷെരീഫ്.