സ്വന്തം പതാകയുയർത്തി; താലിബാന് കീഴടങ്ങാതെ പഞ്ചഷീര്‍ താഴ്‌വര
രാജ്യം മുഴുവൻ താലിബാൻ കീഴടക്കിയ സാഹചര്യത്തിൽ തന്റെ കോട്ട നിലനിർത്തുക അഹ്‌മദ് മസൂദിന് എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ താലിബാനോട് പൊരുതി നിന്ന് പഞ്ചഷീര്‍ താഴ്‌വര. അന്തരിച്ച മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാവ് അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ താലിബാനെ പ്രതിരോധിച്ച് നിർത്തുന്നത്. അധികാരത്തിലിരിക്കുന്ന 'വടക്കൻ സഖ്യ'ത്തിന്റെ പേരിൽ താഴ്‌വരയിൽ പതാകയും ഉയർത്തി.
അഫ്ഗാനിലെ 34 പ്രവിശ്യകളിലൊന്നാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചഷീര്‍. അബ്ഷാർ, അനാബ, ബസറാക്, ദാര, കെൻസ്, പർയാൻ, റോഖ, ഷുതുൽ എന്നീ എട്ട് ജില്ലകളാണ് പ്രവിശ്യയ്ക്ക് കീഴിലുള്ളത്. ബസറാക് ആണ് തലസ്ഥാനം. മൊത്തം ജനസംഖ്യ 173,000. തലസ്ഥാനമായ കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ വടക്കു കിഴക്കായാണ് താഴ്‌വര സ്ഥിതി ചെയ്യുന്നത്.
1970-1980 കാലത്തെ സോവിയറ്റ് അധിനിവേശ കാലത്തും ഇളകാതെ നിന്ന കോട്ടയാണ് പഞ്ചഷീർ. അഹ്‌മദ് ഷാ മസൂദിന്റെ നേതൃത്വത്തിലായിരുന്നു ചെറുത്തുനില്‍പ്പ്. 1996-2001 കാലയളവിൽ താലിബാനെയും പ്രതിരോധിച്ചു. പ്രവിശ്യ ഭരിക്കുന്ന വടക്കൻ സഖ്യത്തിന് ഇന്ത്യ, താജികിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ രാഷ്ട്രങ്ങളുടെ സഹായമുണ്ട് എന്നാണ് പറയപ്പെടുന്നത്.
രാജ്യം മുഴുവൻ താലിബാൻ കീഴടക്കിയ സാഹചര്യത്തിൽ തന്റെ കോട്ട നിലനിർത്തുക അഹ്‌മദ് മസൂദിന് എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. താലിബാൻ ശക്തി കേന്ദ്രങ്ങളുടെ അകത്താണ് പ്രവിശ്യ നിലകൊള്ളുന്നത്. പഴയ താലിബാനിൽ നിന്നു വ്യത്യസ്തമായി, ഇപ്പോൾ അവരുടെ പക്കൽ അത്യാധുനിക ആയുധങ്ങളുണ്ട്. യുഎസ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങളും വാഹനങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്. യുഎസ് പരിശീലനം നൽകിയ മൂന്നു ലക്ഷം വരുന്ന ഔദ്യോഗിക അഫ്ഗാൻ സേനയിലെ ഒരു വിഭാഗം പഞ്ചഷീറില്‍ അഭയം തേടിയതായും റിപ്പോർട്ടുണ്ട്.
അഷ്‌റഫ് ഗനിക്ക് പകരം രാജ്യത്തിന്റെ താൽക്കാലിക പ്രസിഡണ്ടായി അവരോധിതനായ അംറുല്ല സലാഹ് പഞ്ചഷീറുകാരനാണ്. കഴിഞ്ഞ ദിവസം ഇദ്ദേഹം ഇവിടെയെത്തിയിരുന്നു. ആന്റി താലിബാൻ കമാൻഡോകളാണ് സലാഹിനെ സ്വീകരിച്ചത്. താലിബാനെതിരെ പഞ്ചഷീറുകൾക്ക് ചരിത്രപരമായ വിയോജിപ്പുകളുമുണ്ട്. പേർഷ്യൻ സംസാരിക്കുന്ന വടക്കുപടിഞ്ഞാറൻ താജിക്കുകളാണ് മേഖലയിൽ അധികവും. തെക്കുകിഴക്കൻ പഷ്തൂണുകളാണ് താലിബാനികൾ.
സ്വന്തം ജനതയ്‌ക്കൊപ്പം നിൽക്കുമെന്നും താലിബാൻ ഭരണത്തിനെതിരെ പൊരുതുമെന്നും അഹ്‌മദ് മസൂദ് വ്യക്തമാക്കി. 'ഞാൻ നിങ്ങൾക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നു. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിലാണ്. പിതാവിനെപ്പോലെ അഹ്‌മദ് മസൂദ് ഹീറോ ആയി നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും. ജനങ്ങൾക്കു വേണ്ടി പൊരുതും. അവരെ ഉപേക്ഷിക്കില്ല' - മസൂദ് വ്യക്തമാക്കി.