ദുരന്തത്തിന്റെ നടുക്കം മാറും മുമ്പേ ടൈറ്റാനിക്കിലേക്ക് അടുത്ത യാത്ര; തീയതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ്
ജൂൺ 16 നാണ് അഞ്ചുപേരുമായി പോയ ടൈറ്റന്‍ അന്തർവാഹിനി കാണാതായത്
ഒരാഴ്ച മുമ്പായിരുന്നു ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാർ മരിച്ചത്. ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല.എന്നാൽ ആ പൊട്ടിത്തെറിയുടെ ചൂടാറും മുമ്പ് അടുത്ത ടൈറ്റാനിക് പര്യവേഷണത്തിന് യാത്രക്കാരെ ക്ഷണിച്ചിരിക്കുകയാണ് ഓഷ്യൻഗേറ്റ് കമ്പനി.
2024 ജൂൺ 12-20 വരെയും ജൂൺ 21-29 വരെയും രണ്ട് ഘട്ടമായി ടൈറ്റാനിക് പര്യവേഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഒരാൾക്ക് 250,000 ഡോളറാണ് ചെലവ്. അന്തർവാഹിനി യാത്ര, സ്വകാര്യ താമസ സൗകര്യങ്ങൾ, വിമാനങ്ങളിൽ ലഭിക്കുന്ന പോലുള്ള ഭക്ഷണങ്ങൾ, ടൈറ്റാനിക് കാണാനുള്ള യാത്രക്കുള്ള പരിശീലവും ഈ പാക്കേജിൽ ലഭിക്കും. പരമാവധി ആറ് പേർക്കാണ് അന്തർവാഹിനിയിൽ കയറാനാകുക, യാത്രക്കാർക്ക് കുറഞ്ഞത് 17 വയസ് പ്രായം വേണം.
ഈ വിശദാംശങ്ങൾക്കൊപ്പം നേരത്തെ നടത്തിയ പര്യവേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും യാത്രക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകളും ഓഷ്യൻഗേറ്റിന്‍റെ വെബ്സൈറ്റിലുണ്ട്. നിങ്ങളുടെ ഈ യാത്ര ആവേശകരവും അതുല്യവുമായ ഒരു അനുഭവം മാത്രമല്ല, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളെക്കുറിച്ചും ആഴക്കടൽ പരിസ്ഥിതിയെക്കുറിച്ചും കൂടുതലറിയാൻ ശാസ്ത്ര സമൂഹത്തെ സഹായിക്കുകയും ചെയ്യും. ഓരോ ഡൈവിനും ഒരു ശാസ്ത്രീയ ലക്ഷ്യമുണ്ടെന്നും ഓഷ്യൻ ഗേറ്റിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
8 പകലും 7 രാത്രിയും നീണ്ടുനിൽക്കുന്നതാണ് യാത്ര. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള സെന്റ് ജോൺസിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്ര മൂന്നാം ദിവസമാണ് ആരംഭിക്കുക. ഏഴാമത്തെ ദിവസം കടലിന് പുറത്തേക്ക് തിരിച്ചുവരാന്‍ തുടങ്ങും. എട്ടാം ദിവസം സെന്റ് ജോൺസിലേക്ക് മടങ്ങും. ഇതാണ് യാത്രയുടെ ഷെഡ്യൂള്‍.
ജൂൺ 16 നാണ് അഞ്ചുപേരുമായി പോയ അന്തർവാഹിനി കാണാതായത്. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്‌മെർസിബിൾ. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്‍റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.