ക്രിസ്തുമസ് ആഘോഷങ്ങളുടെ പകിട്ട് കുറച്ച് ഒമിക്രോണ്‍; ഡച്ച് തെരുവുകള്‍ വിജനം, യു.എസില്‍ പൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്

Update: 2021-12-21 06:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏര്‍പ്പെടുത്തുകയും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നെതര്‍ലാന്‍ഡ്സില്‍ ശനിയാഴ്ച മുതല്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതൽ ജനുവരി 14 വരെ അവശ്യ സ്റ്റോറുകളൊഴികെ റെസ്റ്റോറന്‍റുകള്‍ ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവ അടച്ചിടാൻ ഉത്തരവിട്ടുകൊണ്ട് പ്രധാനമന്ത്രി മാർക്ക് റുട്ടെ ശനിയാഴ്ച വൈകുന്നേരമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. സ്കൂളുകൾ ജനുവരി പത്തു വരെയും അടച്ചിടും. ക്രിസ്മസ് ദിനത്തിൽമാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്.

അമേരിക്കയില്‍ വാഷിംഗ്ടൺ ഡിസി മേയർ മേയർ മ്യൂറിയൽ പൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും വാക്സിനെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനാല്‍ ജനുവരി 31 വരെ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 73 ശതമാനവും ഒമിക്രോണായിരുന്നു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമിക്രോണ്‍ കേസുകളില്‍ ഒരാഴ്ചക്കുള്ളില്‍ ആറിരട്ടി വര്‍ധനവാണ് ഉള്ളത്.

ന്യൂയോർക്ക് ഏരിയ, തെക്കുകിഴക്ക്, ഇന്‍ഡസ്ട്രിയല്‍ മിഡ്‌വെസ്റ്റ്, പസഫിക് നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലെ 90 ശതമാനമോ അതിൽ കൂടുതലോ പുതിയ അണുബാധകൾ ഒമിക്രോണ്‍ മൂലമാണ്. കഴിഞ്ഞയാഴ്ച യുഎസിൽ 65,0000-ലധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്ക, കാനഡ, മറ്റ് എട്ട് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിക്കാൻ ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News