വാക്സിനെടുക്കാത്തവര്‍ക്ക് ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന
അതിനിടെ അമേരിക്കയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്
ലോകത്ത് ആശങ്ക ഉയർത്തി ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരം അല്ലെങ്കിലും , വാക്സിനേഷൻ എടുക്കാത്തവർക്ക് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു. അതിനിടെ അമേരിക്കയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെൽറ്റയേക്കാൾ അപകടരമായ വൈറസ് അല്ലെങ്കിലും വാക്സിൻ സ്വീകരിക്കാത്തവർക്ക് ഒമിക്രോൺ ഭീഷണി ഉയർത്തും. 90 ലധികം രാജ്യങ്ങൾ ജനസംഖ്യയുടെ 40% വാക്സിനേഷൻ പോലും കൈവരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ 85% ആളുകൾക്ക് ഒരു ഡോസ് വാക്സിൻ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ഭൂരിഭാഗം പേരും വാക്സിൻ എടുക്കാത്തവരാണെന്നും ഡബ്ള്യൂ.എച്ച്.ഒ കൂട്ടിച്ചേർത്തു. പ്രതിവാര കൊവിഡ് കേസുകളിൽ മുൻ ആഴ്ചയെക്കാൾ 55 ശതമാനം വർധനവാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിയത്.
അമേരിക്കയിൽ ഒമിക്രോണ്‍ വ്യാപനം അതി രൂക്ഷമാവുകയാണ്. ഒരാഴ്ച കൊണ്ട് ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ സാരമായി ബാധിച്ചു. എന്നാൽ യുഎസിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ഡെൽറ്റ വകഭേദമാണെന്ന് വ്യക്തമാക്കി യുഎസ് സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവിൻഷൻ രംഗത്ത് വന്നു. ഇക്വഡോർ, പെറു, ബ്രസീൽ ,പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോൺ കേസുകളിൽ വർധന രേഖപ്പെടുത്തി. ജർമനിയിലും ബൾഗേറിയയിലും പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. കാനഡയിൽ ഒമിക്രോൺ വ്യാപനം കൂടിയ ഇടങ്ങളിൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. വാക്സിനെടുക്കാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.