'ഒരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നു'; ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ യുഎൻആർഡബ്ല്യുഎ

ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 45,338 ഫലസ്തീനികൾ കൊല്ലപ്പെടുകയും 107,764 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Update: 2024-12-25 15:09 GMT
Advertising

തെൽഅവീവ്: ഒരു വർഷത്തിലധികമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ കുറഞ്ഞത് 14,500 കുട്ടികൾ ഗസ്സയിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ എജൻസിയായ യുഎൻആർഡബ്ല്യുഎ. ''ഓരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇവ വെറും സംഖ്യകളല്ല, ഇല്ലാതെയാകുന്ന ജീവനുകളാണ്'' - യുഎൻആർഡബ്ല്യുഎ പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികളെ കൊല്ലുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല, വിദ്യാഭ്യാസവും സാധാരണ ജീവിതവുമെല്ലാം നഷ്ടപ്പെട്ട് തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ജീവിക്കുകയാണ് ഗസ്സയിലെ കുരുന്നുകൾ. സങ്കൽപ്പിക്കാനാവാത്ത ഭീകര അനുഭവങ്ങളാണ് അവർക്കു സഹിക്കേണ്ടിവരുന്നത്. അവരുടെ കുടുംബവും വീടുകളും നഷ്ടപ്പെട്ടു. ഓരോ ദിവസവും കൂടുതൽ കുട്ടികൾക്ക് ജീവൻ നഷ്ടപെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നുവെന്നും കുട്ടികളുടെ ക്ഷേമത്തിനായുള്ള യുഎൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു.

ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 45,338 ഫലസ്തീനികൾ കൊല്ലപ്പെടുകയും 107,764 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾകിടയിൽ കുടുങ്ങിയ 11,000 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ ആക്രമണവും ഉപരോധവും മൂലം ഗസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്. ഇവിടെ കുട്ടികൾ തന്നെയാണ് കൂടുതലും ഇരകളാവുന്നത്. 20 ലക്ഷം ആളുകളാണ് ഗസ്സയിൽ ഭവനരഹിതരായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News