ഫലസ്തീന്‍ ആക്രമണം നെതന്യാഹുവിനെ അധികാരത്തിലെത്താന്‍ സഹായിക്കില്ലെന്ന് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി
ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അത് നെതന്യാഹുവിന്റെ അവസാനമായിരിക്കുമെന്നും യെഹൂദ് ഒല്‍മെര്‍ട്ട്
ഫലസ്തീനിലും ഗസ്സയിലും അക്രമണം വിതച്ചത്, ഭരണം നേടാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ സഹായിക്കില്ലെന്ന് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യെഹൂദ് ഒല്‍മെര്‍ട്ട്. വെസ്റ്റ് ബാങ്ക് കയ്യേറ്റം ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ തന്ത്രപരമായ പിഴവായിരുന്നെന്നും ഒല്‍മെര്‍ട്ട് ആര്‍.ടി ന്യൂസിനോട് പറഞ്ഞു.
തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും നെതന്യാഹുവന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ചാമതൊരു തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അത് നെതന്യാഹുവിന്റെ അവസാനമായിരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായ യെഹൂദ് ഒല്‍മെര്‍ട്ട് പറഞ്ഞു.
അധികാരം നേടാനായി നെതന്യാഹു ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഫലസ്തീന്‍ ആക്രമണം എന്ന ആരോപണത്തോട് പക്ഷേ യെഹൂദ് ഒല്‍മെര്‍ട്ട് വ്യക്തമായി പ്രതികരിച്ചില്ല. അരോപണത്തെ ശരിവെക്കുകയോ, തള്ളി കളയുകയോ അദ്ദേഹം ചെയ്തില്ല.
ഭരണം നേടാന്‍ സൈനിക നീക്കം നടത്താന്‍ ആരും തയ്യാറാകില്ല. നെതന്യാഹു അങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് താന്‍ വിചാരിക്കുന്നില്ല. ഇനി അങ്ങനെ തീരുമാനിച്ചിരുന്നു എങ്കില്‍, ഈ അക്രമണം കൊണ്ട് ഭരണം നേടാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നുമാണ് ഒല്‍മെര്‍ട്ട് പറഞ്ഞത്.
കിഴക്കന്‍ ജറുസലേമില്‍ നിന്നും ചില ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചതാണ് ഒടുവിലെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഒരാഴ്ച്ചയായി നീണ്ട് നിന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ 227 പേര്‍ കൊല്ലപ്പെട്ടായി ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചതായി ആര്‍.ടി റിപ്പോര്ട്ട് ചെയ്തു. മരിച്ചവരില്‍ അറുപത് പേര്‍ കുട്ടികളാണ്. തിരിച്ചുള്ള അക്രമത്തില്‍ 12 ഇസ്രായേലികളും കൊല്ലപ്പെട്ടു.