'ആക്രമണത്തിന് ഉത്തരവാദികൾ റുഷ്ദിയും അനുയായികളും'; പ്രതികരണവുമായി ഇറാൻ
അക്രമിയായ 24കാരൻ ഹാദി മാതറുമായി ഇറാന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ആരോപണങ്ങളും കനാനി നിഷേധിച്ചു.
തെഹ്‌റാൻ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തിന് ഉത്തരവാദി അദ്ദേഹവും അനുയായികളും മാത്രമാണെന്ന് ഇറാൻ. സംഭവത്തിൽ ഇറാനെതിരെ ആരോപണം ഉന്നയിക്കാൻ ആർക്കും അവകാശമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
'ആക്രമണത്തിന് റുഷ്ദിയും അദ്ദേഹത്തിന്റെ അനുയായികളും ഒഴികെ മറ്റാരും ഉത്തരവാദികളാണെന്ന് ഞങ്ങൾ കരുതുന്നില്ല. മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല'- ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ കനാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അക്രമിയായ 24കാരൻ ഹാദി മതറുമായി ഇറാന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ആരോപണങ്ങളും കനാനി നിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും പടിഞ്ഞാറൻ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക ഇരട്ടത്താപ്പ് നിലപാടാണ് തുടരുന്നതെന്നും വക്താവ് കുറ്റപ്പെടുത്തി. റുഷ്ദിയുടെ മതാവഹേളനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കാനാവില്ലെന്നും വക്താവ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. ന്യൂയോർക്കിൽ ഷിറ്റാഗോ ഇൻസ്റ്റിറ്റിയൂഷനിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15ഓളം തവണയാണ് അക്രമി കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി. ആരോഗ്യനിലയിലുണ്ടായ പുരോഗതിയെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിൽനിന്നു മാറ്റി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചതായും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി ഹാദി മതർ കുറ്റം നിഷേധിച്ചെങ്കിലും ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അക്രമിയുടെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.