ഗസ്സയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു: രണ്ട് ദിവസത്തിനിടെ മരിച്ചത് 170 കുഞ്ഞുങ്ങള്‍
ചർച്ചയ്ക്ക് തയ്യാറായിട്ടും ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് ഹമാസ്


ദുബൈ: ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. നെത് സരിം ഇടനാഴിയിൽ വീണ്ടും പിടിമുറുക്കിയ ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് ജീവകാരുണ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാൻ യൂനിസിന് സമീപം അബസാൻ അൽ ജദീദ നഗരത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജനങ്ങളോട് വീടുവിട്ട് പോകാൻ ഉത്തരവ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. കിഴക്കൻ ഗസ്സയിലെ ബൈത് ഹാനൂൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ജനങ്ങൾക്ക് നിർദേശം നൽകി. പട്ടിണിയും കുടിവെള്ളക്ഷാമത്തിനും പുറമെ ആശുപത്രികളിൽ മരുന്നുകളും മറ്റ് ഉപകരണങ്ങളും ഇല്ലാത്ത സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
തുറന്ന ചർച്ചക്ക് സന്നദ്ധത അറിയിച്ചിട്ടും വംശഹത്യയുമായി മുന്നോട്ടുപോകാനായിരുന്നു ഇസ്രായേൽ തീരുമാനമെന്ന് ഹമാസ് കുറ്റപ്പെടുത്തി.ഗസ്സയിൽ കരയുദ്ധത്തിനായി ഇസ്രായേൽ കൂടുതൽ സൈനികരെ നിയോഗിച്ചു. കടുപ്പമേറിയതായിരിക്കും യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. അതേ സമയം, പശ്ചിമേഷ്യയിൽ സ്ഥിരം സമാധാനമാണ് അമേരിക്ക ലക്ഷ്യം വെക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു.എസ് വീണ്ടും വ്യോമാക്രമണം നടത്തി. ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.