കാത്തിരുന്ന്, കാത്തിരുന്ന്..; പുടിന്റെ ഫോണിനായി ട്രംപ് കാത്തിരുന്നത് ഒരു മണിക്കൂർ, അപമാനിച്ചെന്ന് സോഷ്യൽ മീഡിയ
ട്രംപ് കാത്തിരുന്നു എന്ന് മാത്രമല്ല, അമേരിക്കയുടെ ആവശ്യങ്ങൾ പുടിൻ പൂർണമായും അംഗീകരിച്ചതുമില്ല


ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഒരു മണിക്കൂർ തന്റെ ഫോൺകോളിനായി കാത്തിരിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. യുക്രൈന്‍-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള നിർണായക ഫോൺ കോളിനായാണ് ട്രംപ് ഒരു മണിക്കൂറിലധികം കാത്തിരുന്നത്.
കാത്തിരുന്ന്, കാത്തിരുന്ന് ഫോണ്‍ ലഭിച്ചെങ്കിലും അമേരിക്കയുടെ ആവശ്യം പുടിന്‍ പൂര്‍ണമായും അംഗീകരിച്ചതുമില്ല. യുക്രൈനില്‍ 30 ദിവസത്തെ വെടിനിർത്തൽ എന്ന ട്രംപിന്റെ ആവശ്യമാണ് പുടിന്‍ നിരസിച്ചത്. പകരം, യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ പരിമിതപ്പെടുത്തുമെന്ന് മാത്രമെ പുടിന്‍ അറിയിച്ചുള്ളൂ.
ഏകദേശം ഒന്നരമണിക്കൂറോളം ഈ ഫോണ്‍ സംഭാഷണം തുടര്‍ന്നെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി, എന്നാലത് ട്രംപും പുടിനും തമ്മില്‍ നടന്ന ചര്‍ച്ചയെക്കുറിച്ചല്ലെന്ന് മാത്രം.
ട്രംപ് ഒരു മണിക്കൂര്‍ കാത്തുനിന്നതാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ക്രൂരമായ നടപടിയെന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. ട്രംപിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പുടിന്റെ അധികാര തന്ത്രമാണിതൊക്കെയാണെന്നാണ് സോഷ്യല്‍മീഡിയയിലെ സംസാരം. 'നേതാക്കളെ കാത്തു നിർത്തുക എന്നത് പുടിന്റെ പഴയ അധികാര കളിയാണ്. എന്നാൽ ഇത് വളരെ ക്രൂരമായിപ്പോയി'- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
അതേസമയം ഈ ഫോൺ കോളിന് മുമ്പ് പുടിൻ മറ്റൊരു പരിപാടിയിലായിരുന്നുവെന്നും അതിനാലാണ് വൈകിയത് എന്നുമാണ് റിപ്പോർട്ട്. മോസ്കോയിൽ നടന്ന ഒരു വാർഷിക പരിപാടിയിൽ വ്യവസായികളോടും ബിസിനസുകാരോടും റഷ്യൻ പ്രസിഡന്റ് സംസാരിക്കുകയായിരുന്നുവെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച റഷ്യൻ സമയം വൈകുന്നേരമായിരുന്നു ട്രംപുമായുള്ള ഫോണ്‍ സംഭാഷണം നിശ്ചയിച്ചിരുന്നത്. ഈ ഫോൺ കോളിന് തൊട്ടുമുമ്പായിരുന്നു വ്യാവസായികളോടൊത്തുള്ള പരിപാടി നടന്നിരുന്നത്. ഈ പരിപാടിക്കിടെ തന്നെ, വൈകുന്നുണ്ടോ എന്ന് പുടിനോട് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് ചിരിച്ചൊഴിവാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പരിപാടി കഴിഞ്ഞ് അഞ്ച് മണിക്കാണ് അദ്ദേഹം വസതിയിൽ എത്തിയത്. അതായത് ഫോണ്‍ സംഭാഷണം നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി!
Making leaders wait is an old Putin power play.
— Brett Bruen (@BrettBruen) March 18, 2025
But, this is a pretty brutal.
Putin is publicly mocking Trump. https://t.co/FK1ahLbxQI