ഇമ്രാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്ക് അസംബ്ലി
അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സ്പീക്കറുടെ പ്രഖ്യാപനം
പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സ്പീക്കറുടെ പ്രഖ്യാപനം. പ്രമേയം ചർച്ചചെയ്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു. സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായിരുന്നു.
മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. സഹോദരനായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ശേഷം പാകിസ്താൻ മുസ്‌ലിം ലീഗ്- എൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്.
പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്. 1997-ലാണ് അദ്ദേഹം ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്. 1999ൽ പർവേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യം വിട്ട ഷഹബാസ് എട്ട് വർഷം സൗദി അറേബ്യയിൽ അഭയാർഥിയായി കഴിഞ്ഞു. 2007ൽ സഹോദരൻ നവാസ് ഷരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തിയ ഷഹബാസ് 2008ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ൽ വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി. 2018ൽ പിഎംഎൽ-എൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അധികാരത്തിൽ നിന്ന് പുറത്തായത്.
പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും കാലാവധി തികച്ചിട്ടില്ല. അതേസമയം, ഒരു പ്രധാനമന്ത്രി പോലും അവിശ്വാപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടുമില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.