പാകിസ്താനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1136 ആയി; പ്രതിസന്ധി

പ്രളയത്തിൽ ഇതുവരെ 10 ബില്യൺ യുഎസ് ഡോളറിൻ്റെ നാശനഷ്ടമുണ്ടായതായി ധനമന്ത്രി മിഫ്ത ഇസ്മായിൽ പറഞ്ഞു.

Update: 2022-08-30 03:16 GMT
Editor : rishad | By : Web Desk
Advertising

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1136 ആയി. രാജ്യത്തെ മൂന്ന് കോടി 30 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു. അതേസമയം പ്രളയത്തിൽ ഇതുവരെ 10 ബില്യൺ യുഎസ് ഡോളറിൻ്റെ നാശനഷ്ടമുണ്ടായതായി ധനമന്ത്രി മിഫ്ത ഇസ്മായിൽ പറഞ്ഞു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ വെള്ളപ്പൊക്കം എത്രത്തോളം മോശമായി ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടില്ല.

'എന്റെ പക്കൽ പണമില്ല, എന്നാൽ എന്തെങ്കിലുമൊരു വഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ, എല്ലായിടത്തും നാശനഷ്ടങ്ങളാണ്, പാകിസ്താൻ മുങ്ങുകയാണ്-ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകുന്ന വിലക്കയറ്റം തടയാൻ പാകിസ്താൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനായി ഇന്ത്യയുമായി സഹകരിക്കാനാണ് പാകിസ്താൻ ആലോചിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്യാനാണ് അടിയന്തരമായി ആലോചിക്കുന്നത്. 

അതേസമയം പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി അദ്ദേഹം ലോകരാജ്യങ്ങളോട് സഹായമഭ്യർത്ഥിച്ചിട്ടുണ്ട്. ജനസംഖ്യയുടെ ഏഴിലൊന്ന് പേരെ വെളളപ്പൊക്കം ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. 3451 കിലോമീറ്റർ റോഡുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. 149 പാലങ്ങൾ, 170 ഷോപ്പുകൾ, 949,858 വീടുകളും തകര്‍ന്നു.  രാജ്യത്തെ പരുത്തി വിളയുടെ പകുതിയോളം ഒലിച്ചുപോയിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, നെൽപ്പാടങ്ങൾ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. 

ഈ വര്‍ഷം റെക്കോര്‍ഡ് മണ്‍സൂണാണ് പാകിസ്താനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പാകിസ്താന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ വെള്ളെപ്പൊക്കം സംഭവിച്ചത് 2010ലാണ്. അന്ന് ഏകദേശം 2,000-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.  അതേസമയം പാകിസ്താന്റെ ഇപ്പോഴത്ത അവസ്ഥയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം എത്രയും വേഗം പൂർവസ്ഥിതിയിലാകുമെന്ന  പ്രത്യാശയും പങ്കുവെച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News