പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ധാന്യമാവിനായി അടിപിടി: വീഡിയോ

ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ പലയിടത്തും വിപണികൾ താറുമാറാകുകയും തിക്കും തിരക്കുമുണ്ടാവുകയും ചെയ്തു

Update: 2023-01-10 07:51 GMT
Editor : Jaisy Thomas | By : Web Desk

ധാന്യമാവിനു വേണ്ടിയുള്ള പെഷവാറിലെ നീണ്ട ക്യൂ

Advertising

ഇസ്‍ലാമാബാദ്: പാകിസ്താന്‍റെ ചില ഭാഗങ്ങളില്‍ ഗോതമ്പ് ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം എക്കാലത്തെയും മോശമായ ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ പലയിടത്തും വിപണികൾ താറുമാറാകുകയും തിക്കും തിരക്കുമുണ്ടാവുകയും ചെയ്തു. ഭക്ഷ്യവകുപ്പും ധാന്യമില്ലുകളും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.

ദിവസേന ആയിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം സബ്സിഡിയുള്ള മാവിനായി മാര്‍ക്കറ്റുകളില്‍ കാത്തുനില്‍ക്കുന്നതെന്ന് എക്സപ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്കിടെ ഗോതമ്പിന്‍റെയും അരിമാവിന്‍റെയും വില കുതിച്ചുയരുകയാണ്. കറാച്ചിയില്‍ ഒരു കിലോ ധാന്യമാവിന് 160 രൂപയാണ്. ഇസ്‍ലാമാബാദിലും പെഷവാറിലും 10 കിലോഗ്രാം മാവ് കിലോയ്ക്ക് 1500 രൂപയ്ക്കാണ് വിൽക്കുന്നത്. 150 രൂപ വർധിപ്പിച്ചതിന് ശേഷം ഇപ്പോൾ 2050 രൂപയ്ക്കാണ് വിൽക്കുന്നത്. 15 കിലോഗ്രാം മാവ് ചാക്കിന് രണ്ടാഴ്ചയ്ക്കിടെ 300 രൂപയുടെ വർധനവാണ് ഉണ്ടായത്.അതേസമയം, ഓപ്പൺ മാർക്കറ്റിൽ വിലയിൽ മാറ്റമില്ലെന്ന് ARY ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ചില പ്രദേശങ്ങളിലെ ഗോതമ്പ് സ്റ്റോക്ക് പൂർണമായും തീര്‍ന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ബലൂചിസ്ഥാനിലെ ഭക്ഷ്യമന്ത്രി സമാറക് അചക്‌സായി അറിയിച്ചു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പിന്‍റെ വൻ ശേഖരം കറാച്ചി തുറമുഖത്തെത്തി.നിറയെ ഗോതമ്പുമായി രണ്ടു കപ്പലുകളാണ് തിങ്കളാഴ്ച തുറമുഖത്ത് എത്തിയത്. റഷ്യയിൽ നിന്നുള്ള 4,50,000 ടൺ ഗോതമ്പ് ഗ്വാദർ തുറമുഖം വഴി പാകിസ്താനിലെത്തും.ഗോതമ്പിന്‍റെ ക്ഷാമം നേരിടാൻ പാകിസ്താന്‍ സർക്കാർ 75 ലക്ഷം ടൺ ഗോതമ്പാണ് ഇറക്കുമതി ചെയ്യുന്നത്.റഷ്യയിൽ നിന്ന് വാങ്ങിയ ഗോതമ്പ് മാർച്ച് 30നകം പാകിസ്താനിലെത്തും.റഷ്യയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പും കറാച്ചി തുറമുഖത്ത് എത്തുന്നുണ്ട്.3,50,000 ടൺ ഗോതമ്പ് കറാച്ചി തുറമുഖത്ത് എത്തിയതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News