രാജിയില്ല, അവസാന പന്ത് വരെ പൊരുതുന്ന കളിക്കാരനാണ് ഇമ്രാന്‍ ഖാന്‍: പാക് മന്ത്രി

പാക് സൈനിക മേധാവിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഇമ്രാന്‍ ഖാന്‍ റദ്ദാക്കി

Update: 2022-03-30 14:24 GMT
Advertising

ഇസ്‍ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തില്‍. ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യ സഖ്യകക്ഷി മുത്താഹിദ ക്വാമി മൂവ്‌മെന്റ് കൂറുമാറിയതോടെയാണ് ഇമ്രാന്‍റെ ഭാവി തുലാസിലായത്.

"അവസാന പന്ത് വരെ പോരാടുന്ന കളിക്കാരനാണ് ഇമ്രാൻ ഖാൻ. രാജിയില്ല. സുഹൃത്തുക്കളും ശത്രുക്കളും കളി കാണാനിരിക്കുന്നതേയുള്ളൂ"- പാക് മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

2018ൽ അധികാരമേറ്റതിനു ശേഷം ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ് ഇമ്രാന്‍ ഖാന്‍. സാമ്പത്തിക കെടുകാര്യസ്ഥതയും വിദേശനയത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് എതിരാളികള്‍ ഇമ്രാനെതിരെ നീക്കം തുടങ്ങിയത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച നാളെ തുടങ്ങും. സ്വന്തം പാര്‍ട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് അംഗങ്ങളെയും ചില ചെറു പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാണ് ഇമ്രാന്‍ ഖാന്‍റെ ശ്രമം.

അതിനിടെ ഇമ്രാന്‍ ഖാന്‍ രാജി വെയ്ക്കുമെന്ന അഭ്യൂഹം സജീവമായിരുന്നു. പാക് സൈനിക മേധാവിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം ഇമ്രാന്‍ ഖാന്‍ റദ്ദാക്കി.

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഏപ്രിൽ മൂന്നിനാണ് വോട്ടെടുപ്പ്. അവിശ്വാസത്തിന് അവതരണാനുമതി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ വൻ പ്രകടനമാണ് ഇസ്‍ലാമാബാദിൽ നടന്നത്. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിന്റെയും പഞ്ചാബ് പ്രവിശ്യ പ്രതിപക്ഷ നേതാവ് ഹംസ ഷഹ്‍ബാസിന്റേയും നേതൃത്വത്തിൽ മാർച്ച് 26ന് ലാഹോറിൽ നിന്നാരംഭിച്ച പദയാത്ര ഇസ്‍ലാമാബാദിൽ എത്തി. അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയിൽ വോട്ടിനിടുമ്പോൾ ഭൂരിപക്ഷത്തിന് വേണ്ട 172 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കാൻ ഇമ്രാനെ വെല്ലുവിളിക്കുന്നതായി പൊതുയോഗത്തിൽ മറിയം നവാസ് പറഞ്ഞു.

155 സീറ്റുകൾ മാത്രമുള്ള ഇമ്രാന്റെ തെഹ്‍രികെ ഇൻസാഫ് പാർട്ടി സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണ് ഭരണം നിലനിർത്തുന്നത്. ഈ വെല്ലുവിളിയെ ഏതുവിധേനയും മറികടന്ന് ഭരണത്തിൽ തുടരാനാണ് ഇമ്രാൻ ഖാന്‍റെ ശ്രമം. രാജിവെക്കില്ലെന്നും അന്താരാഷ്‍ട്ര പിന്തുണയോടെയുള്ള പ്രതിപക്ഷ ഗൂഢാലോചനയ്‍ക്ക് വഴങ്ങില്ലെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News