പാകിസ്താനിൽ ശഹ്ബാസ് ശരീഫ് മന്ത്രിസഭ അധികാരമേറ്റു
പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുട്ടോ സർദാരി മന്ത്രിസഭയിലില്ല
ഇസ്‍ലാമാബാദ്: പാകിസ്താനിൽ ശഹബാസ് ശരീഫ് മന്ത്രിസഭ അധികാരമേറ്റു. ശഹബാസ് ശരീഫിന് കീഴിൽ 34 അംഗ മന്ത്രിസഭയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയായിരുന്നു നിശ്ചയിച്ചതെങ്കിലും പ്രസിഡന്റ് ആൽവി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ചതിനാൽ ഒരു ദിവസം നീട്ടുകയായിരുന്നു. സെനറ്റ് ചെയർമാൻ സാദിഖ് സഞ്ച്റാനിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അടുത്ത വിദേശകാര്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുട്ടോ സർദാരി മന്ത്രിസഭയിലില്ല. മന്ത്രിസഭയിൽ നവാസ് ശരീഫിന്റെ പി.എം.എൽ.എന്നിൽ നിന്ന് 13 പ്രതിനിധികളുണ്ട്. ജംഇയ്യതുൽ ഉലമായെ ഇസ്‍ലാം ഫസ്‍ലിന് നാലും മുത്തഹിദ ഖൗമി മൂവ്മെന്റ്- പാകിസ്താന് രണ്ടും അംഗങ്ങളുണ്ട്. ബലൂചിസ്താൻ അവാമി പാർട്ടി, പാകിസ്താൻ മുസ്‍ലിം ലീഗ്- ഖാഇദ്, ജുംഹൂരി വത്വൻ പാർട്ടി എന്നിവയാണ് മന്ത്രിസഭയുടെ ഭാഗമാകുന്ന മറ്റു കക്ഷികള്‍.