ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്നു; പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് സമൂഹത്തെയും സർക്കാർ ഉദ്യോഗസ്ഥരെയും ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി അട്ട തരാർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു
പാകിസ്താന്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് സമൂഹത്തെയും സർക്കാർ ഉദ്യോഗസ്ഥരെയും ഗുരുതരമായി ബാധിക്കുമെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രി അട്ട തരാർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''പഞ്ചാബിൽ പ്രതിദിനം നാലോ അഞ്ചോ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ലൈംഗിക പീഡനം, ദുരുപയോഗം, ബലപ്രയോഗം എന്നിവ തടയാന്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്'' മന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ പൗരസമൂഹം, സ്ത്രീകളുടെ അവകാശ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.ഇതുകൂടാതെ, സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹം മാതാപിതാക്കളോട് അഭ്യർഥിച്ചു.
നിരവധി കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സർക്കാർ ബലാത്സംഗ വിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും സ്‌കൂളുകളിലെ പീഡനത്തെക്കുറിച്ച് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുമെന്നും തരാർ പറഞ്ഞു. അക്രമികളില്‍ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കണമെന്നും മാതാപിതാക്കള്‍ പഠിക്കേണ്ട സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്താനില്‍ 14,456 സ്ത്രീകള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഇന്‍റര്‍നാഷണൽ ഫോറം ഫോർ റൈറ്റ്‌സ് ആൻഡ് സെക്യൂരിറ്റിയിൽ (IFFRAS) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. തൊഴിലിടം,വീട്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു.