ഇസ്രായേൽ ആക്രമണം: ഫലസ്തീൻ മാധ്യമപ്രവർത്തക ഇമാൻ ശാന്തിയും കുടുംബവും കൊല്ലപ്പെട്ടു

ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാൻ ശാന്തിയും കുടുംബവും കൊല്ലപ്പെടുന്നത്.

Update: 2024-12-12 07:12 GMT
Editor : rishad | By : Web Desk

ഇമാൻ ശാന്തിയും കുടുംബവും

Advertising

ഗസ്സസിറ്റി: ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേല്‍. ബുധനാഴ്ച നടത്തിയ ബോംബാക്രമണത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്.

ഫലസ്തീൻ പത്രപ്രവർത്തകയായ ഇമാൻ ശാന്തിയും ഭർത്താവും അവരുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാൻ ശാന്തിയും കുടുംബവും കൊല്ലപ്പെടുന്നത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അൽ-അഖ്‌സ റേഡിയോയിലാണ് 38 കാരനായ ഇമാൻ ജോലി ചെയ്തിരുന്നത്. സാമൂഹി പ്രവര്‍ത്തക എന്ന നിലയിലും ഇമാനെ നാട്ടുകാര്‍ക്ക് അറിയാം.

'' ഇനിയും നമ്മൾ ജീവിച്ചിരിക്കാൻ സാധ്യതയുണ്ടോ?'' തന്റെ മരണത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ് ഇമാൻ ശാന്തി എഴുതിയ കുറിപ്പായിരുന്നു ഇത്.

ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന നിരവധി ഫലസ്തീൻ പത്രപ്രവർത്തകരെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയും മാരകമായി മുറിവേല്‍പ്പിച്ചും മേഖലയിലെ യാഥാർഥ്യം മറച്ചുവെക്കുകയാണ് ഇസ്രായേല്‍. 

ഇമാന്‍ ശാന്തിയുടെ വിയോഗത്തില്‍ ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് ഫോറം അനുശോചനം രേഖപ്പെടുത്തി. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 193 ആയി ഉയർന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി.

അതേസമയം ഇതുവരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44,805 ആയി. 106,257 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News