ഫലസ്തീന്‍ സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ അശ്ലീല വിഡിയോകള്‍
സ്ത്രീകളെ അധിക്ഷേപിക്കും വിധം വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന് പുറമേ വിലപിടിപ്പുള്ള ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്യുന്നുണ്ട് സൈന്യം
ഗസ്സ: ഫലസ്തീന്‍ സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ അശ്ലീല വിഡിയോകള്‍. ഫലസ്തീന്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പമാര്‍ശങ്ങളും ലൈംഗിക ചുവയോടുകൂടിയ വിഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഇസ്രായേല്‍ സൈന്യം. എക്‌സില്‍ വലിയ തോതില്‍ ഇത്തരം അശ്ലീലത നിറഞ്ഞ ഉള്ളടക്കത്തോടുകൂടിയ വിഡിയോകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളതെന്ന് ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന വീടുകളില്‍ നിന്നും സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റ് സാധാനങ്ങളും കൈക്കലാക്കി അത് ഉപയോഗിച്ചാണ് വിഡിയോകള്‍ ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കും വിധം വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന് പുറമേ വിലപിടിപ്പുള്ള ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്യുന്നുണ്ട് സൈന്യം. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളില്‍ അഭയം തേടിയവരുമായ അനേകം സ്ത്രീകളാണ് അവരുടെ അസാന്നിധ്യത്തിലും ഇത്തരം ക്രൂരമായ അധിക്ഷേപങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്നത്.
ഫലസ്തീനികള്‍ക്കെതിരെ വംശീയ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സേന സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും നടത്തുന്നതായി യു.എന്‍ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനിടെ സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്നതിലെ ആശങ്കകളും യു.എന്‍ പങ്കുവച്ചിരുന്നു. ഫലസ്തീന്‍ സ്ത്രീകള്‍ കടുത്ത ശാരീരിക, മാനസിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടിസ്ഥാന സൗകര്യങ്ങളോ സാനിറ്ററി സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളെ ബാധിക്കുന്നതായാണ് വിവരം. ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ ഗസ്സയില്‍ ഗര്‍ഭിണികളടക്കം പട്ടിണിയിലാണ്.
ഗസ്സയിലെ ഇസ്രായേല്‍ യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ, ഗസ്സയില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും പിടിമുറുക്കുകയാണ്. യുദ്ധത്തില്‍ മുപ്പതിനായിരത്തിലധിം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സൈന്യത്തിന്റെ ഉപരോധവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഗസ്സയെ വലച്ചിരിക്കയാണ്. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പോഷകാഹാരക്കുറവും നിര്‍ജലീകരണമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളും കാരണം നിരവധി കുട്ടികള്‍ മരിച്ചതായാണ് വിവരം. കൂടുതല്‍ കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുള്ളതായി യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഫ ഉള്‍പ്പെടെ ഗസ്സയുടെ പല ഭാഗങ്ങളിലും ആക്രമണം നടത്തി നിരവധി പേരെയാണ് സൈന്യം കഴിഞ്ഞ ദിവസവും കൊലപ്പെടുത്തിയത്. ദൈര്‍ അല്‍ ബലാഹില്‍ കെട്ടിടത്തിനുമേല്‍ ബോംബിട്ട് 11 പേരെയാണ് കൊലപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 78 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 30,878 ആയി. 72,402 പേര്‍ക്ക് പരിക്കേറ്റു.