‘ഞങ്ങളുടെ രക്തമാണ് ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് നൽകേണ്ട വില’; ഇസ്രായേലിനെതിരെ യുദ്ധത്തിനൊരുങ്ങി ലെബനാനിലെ ഫലസ്തീനികൾ
രാജ്യത്തെ 12 അഭയാർഥി ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ഫലസ്തീനികളുണ്ട്
ബൈയ്റൂത്ത്: ഹിസ്ബുല്ലക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയാൽ യുദ്ധത്തിൽ അണിനിരക്കുമെന്ന് ലെബനാനിലെ ഫലസ്തീനികൾ. പോരാടാൻ തങ്ങൾക്ക് ഒട്ടും ഭയമില്ലെന്ന് ബെയ്റൂത്ത് ഷാത്തില ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ കഴിയുന്നവർ ‘അൽ ജസീറ’യോട് പറഞ്ഞു. ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുന്ന ഹിസ്ബുല്ലയെയും മറ്റു പ്രതിരോധ വിഭാഗങ്ങളെയും പിന്തണുക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ജനസാന്ദ്രതയേറിയ മേഖലകൾ ഇസ്രായേൽ ആക്രമിക്കുമോ എന്നതിൽ പലർക്കും ആശങ്കയുണ്ട്.
‘ഇസ്രായേൽ സൈന്യത്തിന് യാതൊരു ധാർമികതയുമില്ല. അവർ മനുഷ്യാവകാശങ്ങൾ പാലിക്കുകയോ കുട്ടികളുടെ അവകാശങ്ങൾ പരിഗണിക്കുകയയോ ചെയ്യില്ല. പ്രതികാരം മാത്രമാണ് ഇസ്രായേൽ സൈന്യത്തെ നയിക്കുന്നത്’ -പോപ്പുലർ ഫ്രണ്ട് ഫോർ ദെ ലിബറേഷൻ ഓഫ് ഫലസ്തീൻ-ജനറൽ കമ്മാൻഡ് (പി.എഫ്.എൽ.പി-ജി.സി) അംഗം അഹദ് മഹർ പറഞ്ഞു.
ലെബനാനിലെ 12 അഭയാർഥി ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. 1948ലെ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്തവരും അവരുടെ പിൻമുറക്കാരുമാണ് ഇവിടെയുള്ളത്.
ഇവിടെ കഴിയുന്ന പലർക്കും ഫലസ്തീനിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്ന് 29കാരനായ ഹസൻ അബു അലി പറയുന്നു. രാജ്യത്ത് വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ താനും മാതാവും അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് ഇസ്രായേൽ-ലെബനാൻ അതിർത്തിയിലേക്ക് പോകും. ഒരു യുദ്ധമുണ്ടായാൽ ധാരാളം ഫലസ്തീനികൾ ഒരുമിച്ച് മടങ്ങാൻ സാധ്യതയുണ്ട്. അതാണ് ഇപ്പോൾ ക്യാമ്പുകളിലെ ജനങ്ങൾ സംസാരിക്കുന്നതെന്നും അബു അലി പറഞ്ഞു.
ഫലസ്തീനിയൻ അഭയാർഥി ക്യാമ്പുകൾ ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ട്. പോരാളികൾക്ക് അഭയം നൽകിയെന്നായിരിക്കും ഇതിനെ ന്യായീകരിക്കാൻ ഇസ്രായേൽ പറയുക. ക്യാമ്പുകൾ തകർക്കപ്പെട്ടാൽ ഫലസ്തീനിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാർഗമില്ല. പൗരത്വമില്ലാത്ത അഭയാർഥികളായ ഫലസ്തീനികൾ നിയമപരമായ കടുത്ത വിവേചനമാണ് നേരിടുന്നത്. ദാരിദ്ര്യത്തിലാണ് പലരും കഴിയുന്നത്. എനിക്ക് പോകാൻ കഴിയുന്ന സ്ഥലം ഫലസ്തീനോ യൂറോപ്പോ ആണ്. പക്ഷെ, യൂറോപ്പിലേക്ക് അനധികൃതമായി പോകണമെങ്കിൽ 12,000 യൂറോയെങ്കിലും വേണം. അത് അസാധ്യമാണെന്നും അബു അലി കൂട്ടിച്ചേർത്തു.
ഹിസ്ബുല്ലക്കെതിരെ വലിയൊരു യുദ്ധമാണ് ഇസ്രായേൽ ആരംഭിക്കുന്നതെങ്കിൽ പല ചെറുപ്പക്കാരും പോരാടാൻ തയ്യാറാണ്. മറ്റു സംഘടനകളിൽനിന്നടക്കം ധാരാളം പേർ ഹമാസിലേക്ക് ആകർഷിച്ചിട്ടുണ്ട്. ‘ലെബനാനിലെ ക്യാമ്പുകളിൽ നിരവധി പ്രതിരോധ പോരാളികളാണുള്ളത്. വലിയൊരു യുദ്ധം വരികയാണെങ്കിൽ തങ്ങളാരും അതിനെ ഭയപ്പെടുന്നില്ല. ഫലസ്തീനെ സ്വതന്ത്രമാക്കാൻ രക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ ആയിരക്കണക്കിന് പോരാളികൾ നമുക്കുണ്ട്’ -ക്യാമ്പിലെ ഹമാസ് അംഗമായ ഫാദി അബു അഹമ്മദ് പറഞ്ഞു.
ഇസ്രായേൽ ആക്രമണം നടത്തുകയാണെങ്കിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ, തങ്ങളുടെ രക്തമാണ് ഫലസ്തീനെ സ്വതന്ത്രമാക്കാൻ നൽകേണ്ട വിലയെന്ന് മിക്ക ഫലസ്തീൻ അഭയാർഥികളും വിശ്വസിക്കുന്നതായി അബു അഹമ്മദ് വ്യക്തമാക്കി.
അതേസമയം, യുദ്ധത്തിൽ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വല്ലതും സംഭവിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിൽ ഭയമില്ലെന്നും എന്നാൽ, ഇളയ സഹോദരിക്കും സഹോദരും വല്ലതും സംഭവിക്കുമോ എന്ന ആശങ്കയുണ്ടെന്നും 20കാരനായ അഹമ്മദ് പറഞ്ഞു.
ഹിസ്ബുല്ല കൂടുതൽ ശക്തരായതിനാൽ ലെബനാന് നേരെ വലിയൊരു ആക്രമണം ഉണ്ടാകില്ലെന്നാണ് പല ഫലസ്തീനികളും പ്രതീക്ഷിക്കുന്നത്. ഇറാൻ നിർമ്മിത ഗൈഡഡ് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഹിസ്ബുല്ലയുടെ കൈവശമുള്ളതിനാൽ ഇസ്രായേൽ വലിയൊരു യുദ്ധത്തിന് തുനിയില്ലെന്ന പ്രതീക്ഷയിലാണ് അവർ.
എന്നാൽ, തീവ്ര വലതുപക്ഷക്കാരെ തൃപ്തിപ്പെടുത്താനും അധികാരം നിലനിർത്താനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഹമാസ് അംഗമായ അബു അഹമ്മദ് പറയുന്നു. നെതന്യാഹു ഒരു കുറ്റവാളിയാണ്. ലെബനാനിൽ ഒരു യുദ്ധമുണ്ടായാൽ ഫലസ്തീനികൾ ഉൾപ്പെടെ സാധാരണക്കാരായ നിരവധി പേർ കൊല്ലപ്പെടും. ഇവിടം ഗസ്സക്ക് സമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് വലിയ ആക്രമണമാണ് വടക്കൻ മേഖലയിൽ ഹിസ്ബുല്ല നടത്തുന്നത്. ആക്രമണം കാരണം വടക്കൻ ഇസ്രായേലിൽനിന്ന് നിരവധി പേരാണ് വീടുവിട്ട് പോയിട്ടുള്ളത്. ഇതിനെതിരെ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധം തന്നെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്രായേൽ യുദ്ധം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ഇതിനെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.