ആക്രമണത്തിന് പാരാഗ്ലൈഡറുകൾ ചരിത്രത്തിലാദ്യം; ഇസ്രായേലിനെ ഞെട്ടിച്ച യുദ്ധതന്ത്രം

ഏറെ ഉയരത്തിലല്ലാതെ പറന്നെത്തിയ പാരാഗ്ലൈഡിങ് സേനയെ പ്രതിരോധിക്കാൻ ഇസ്രായേലിനായില്ല

Update: 2023-10-10 07:43 GMT
Editor : abs | By : Web Desk
Advertising

ജറുസലേം: ഇസ്രായേലിനെതിരെ നടത്തിയ മിന്നലാക്രമണത്തിൽ ഹമാസ് സ്വീകരിച്ചത് അപ്രതീക്ഷിത യുദ്ധമുറ. റോക്കറ്റുകൾക്കൊപ്പം മോട്ടോർ പാരാഗ്ലൈഡറുകൾ ഉപയോഗിച്ചാണ് ഹമാസ്, അതിർത്തി ഭേദിച്ച് കടന്നുകയറിയത്. ചരിത്രത്തിൽ ആദ്യമായാണ് മോട്ടോർ പാരാഗ്ലൈഡറുകൾ യുദ്ധോപകരണമായി ഉപയോഗിക്കപ്പെടുന്നത്.

ഗസ്സയിൽനിന്ന് പറന്നുയർന്ന മിക്ക ഗ്ലൈഡറുകളിലും രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഒരു പൈലറ്റും ഒരു ഗൺമാനും. അതിർത്തിയിലെ ഇസ്രായേൽ മിലിറ്ററി ബേസ് തകർത്തതും നോവ മ്യൂസിക് ഫെസ്റ്റിവലിലേക്ക് ഇടിച്ചുകയറിയതും പാരാഗ്ലൈഡർ പോരാളികളായിരുന്നു. അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള സംഗീതപരിപാടിയിലേക്ക് പാരാഗ്ലൈഡറുകൾ എത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 260ലേറെ പേർ ഈ ആക്രമണത്തിൽ മരിച്ചു എന്നാണ് റിപ്പോർട്ട്. നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. 



റോക്കറ്റുകൾ, പാരാഗ്ലൈഡറുകൾ, കാലാൾപ്പട എന്നിവ ചേർന്നുള്ള ത്രിതല ആക്രമണമായിരുന്നു ഒക്ടോബർ ഏഴിലേത്. ഇസ്രായേൽ ബലപ്രയോഗം നടത്തി സ്ഥാപിച്ച അതിർത്തി വേലിക്കെട്ടുകൾ മറികടന്ന് കിലോമീറ്ററുകളോളം മുന്നേറാൻ ഹമാസിനായി. അയ്യായിരം റോക്കറ്റുകൾ തൊടുത്തു എന്നാണ് ഹമാസ് പറയുന്നത്. 2,200 എന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ കണക്ക്. ഇസ്രായേലിന്റെ അതിശക്തമായ അയൺ ഡോം സുരക്ഷാ സംവിധാനം ഭേദിച്ച് എത്ര റോക്കറ്റുകൾ ലക്ഷ്യസ്ഥാനത്തെത്തി എന്നതിൽ വ്യക്തതയില്ല. 



റോക്കറ്റുകളെ അപേക്ഷിച്ച് സാവധാനം പറന്നുവരുന്നവയാണ് പാരാഗ്ലൈഡറുകൾ. ഒരു സീറ്റും മോട്ടോറും പാരാഫോയിലും മാത്രമേ സാധാരണ ഗതിയിൽ ഇവയ്ക്കുള്ളൂ. കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നവയാണ് ഇവയുടെ മോട്ടോറുകൾ. ഏറെ ഉയരത്തിലല്ലാതെ പറന്നെത്തിയ ഇവയെ പ്രതിരോധിക്കാൻ ഇസ്രായേൽ സേനക്കായില്ല എന്നാണ് നാശനഷ്ടങ്ങളുടെ കണക്കു കാണിക്കുന്നത്. പാരാഗ്ലൈഡർ വഴിയുള്ള ആക്രമണത്തിൽ ഇസ്രായേൽ സേനയുടെ ദക്ഷിണ ആസ്ഥാനം തകർക്കാനായത് ഹമാസ് മുന്നേറ്റത്തില്‍ നിര്‍ണായകമായി. 

അതിർത്തി കടന്നുള്ള ആക്രമണത്തിന് പാരാഗ്ലൈഡറുകൾ ഹമാസ് ഉപയോഗിക്കുമെന്ന് 2014ൽ ഇസ്രായേലിന് മുന്നറിപ്പു കിട്ടിയതാണ്. ഹമാസ് പോരാളികൾ മലേഷ്യയിൽ പാരാഗ്ലൈഡിങ് പരിശീലനം നടത്തിയിരുന്നതായി 2014ൽ ജറുസലേം പോസ്റ്റ് റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു തന്ത്രം യുദ്ധമുഖത്ത് പതിവില്ലാത്തതിനാൽ ഇസ്രായേൽ കാര്യമാക്കിയില്ല എന്നാണ് കരുതപ്പെടുന്നത്.  

അതിനിടെ, ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച പ്രത്യാക്രമണം തുടരുകയാണ്. 700ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 187,000 ആളുകൾ ഭവനരഹിതരായി എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ഗസ്സ അതിർത്തിയിൽ മാത്രം 35 ബറ്റാലിയൻ സൈന്യത്തെയാണ് ഇസ്രായേൽ വിന്യസിച്ചിട്ടുള്ളത്.




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News