ഇസ്രായേൽ ഭീഷണിയെതുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി
ഗസ്സ സിറ്റി: ഇസ്രായേൽ ഭീഷണിയെതുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു. ഗസ്സയിലെ തെരുവുകളിൽ നിറയെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി.
650 രോഗികളുള്ള അൽശിഫ ആശുപത്രി ഒരുമണിക്കൂറിനകം ഒഴിയാൻ ഇന്നുച്ചയ്ക്കാണ് ഇസ്രായേൽ ഭീഷണി മുഴക്കിയത്. ഒഴിഞ്ഞില്ലെങ്കിൽ വെടിവെച്ചുകൊല്ലുമെന്ന ഇസ്രായേൽ ഭീഷണിക്കു വഴങ്ങി രോഗികളെയെല്ലാം ആശുപത്രിയിൽ നിന്ന് മാറ്റി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഈ രോഗികളെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും മറുപടി നൽകിയിട്ടില്ല. തെക്കൻഗസ്സയിലേക്ക് രോഗികളെ എത്തിക്കാനാകുമോ എന്നതും ആശങ്കയിലാണ്.
ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്കു സമീപത്തെ റോഡിൽ നിറയെ മൃതദേഹങ്ങൾ കണ്ടെത്തി. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. വടക്കൻഗസ്സ ഒന്നാകെ നശിപ്പിച്ച ശേഷം ഇപ്പോൾ തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുകയാണ്. ഖാൻ യൂനിസിൽ ഇന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേൽ ഭീഷണി മുഴക്കുന്നത്. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്‌തെത്തിയ ലക്ഷങ്ങളാണ് ഖാൻ യൂനിസിലുള്ളത്.
വെസ്റ്റ്ബാങ്കിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചു. ഫതഹ് പാർട്ടി ആസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ലോങ് മാർച്ച് തുടരുകയാണ്. ടെൽ അവീവിൽ നിന്ന് ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫീസിലേക്കാണ് മാർച്ച്.