താൻസാനിയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; 19 മരണം
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
താൻസാനിയയിൽ വിമാനം തടാകത്തിലേക്ക് തകർന്നുവീണ് 19 പേർ മരിച്ചു. പ്രധാനമന്ത്രി കാസിം മജലിവയാണ് ഇക്കാര്യം അറിയിച്ചത്. 43 യാത്രക്കാരുമായി പോയ എ.ടി.ആർ 42-500 എന്ന വിമാനമാണ് വിക്ടോറിയ തടാകത്തിൽ തകർന്നുവീണത്.
വടക്കുപടിഞ്ഞാറൻ സിറ്റിയായ ബുകോബയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവമെന്ന് ന്യൂസ് ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവരിൽ നാല് ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ട് പേർ രക്ഷാപ്രവർത്തന സംഘത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. അടിയന്തര രക്ഷാപ്രവർത്തക സംഘം കയർ കെട്ടി വിമാനം വലിച്ചുയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
'രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പലരേയും രക്ഷപെടുത്തി. ഇനിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളത്തിൽ നിന്ന് വിമാനം ഉയർത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- കഗേര പൊലീസ് കമാൻഡർ അറിയിച്ചു.