'മോദിയായിരുന്നു ശരി..'; യുഎൻ അസംബ്ലിയിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ

യുക്രൈൻ- റഷ്യ യുദ്ധം സംബന്ധിച്ച മോദിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മാക്രോണിന്റെ പ്രതികരണം.

Update: 2022-09-21 06:02 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂയോർക്ക്: യുദ്ധത്തിനുള്ള സമയമല്ലിതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ന്യൂയോർക്ക് സിറ്റിയിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിലാണ് മോദിയെ പുകഴ്ത്തി മാക്രോൺ രംഗത്തെത്തിയത്. യുക്രൈൻ- റഷ്യ യുദ്ധം സംബന്ധിച്ച മോദിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു മാക്രോണിന്റെ പ്രതികരണം. 

'നരേന്ദ്രമോദി പറഞ്ഞത് ശരിയാണ്. ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിർക്കാനോ ഉള്ള സമയമല്ല. രാജ്യങ്ങളുടെ പരമാധികാരികൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണ്'; മാക്രോൺ പറഞ്ഞു. 

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. നൂറ്റാണ്ടുകളായി റഷ്യയും ഇന്ത്യയും ഒരുമിച്ച് നിൽക്കുകയാണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. സമാധാനത്തിന്റെ പാതയിൽ പുരോഗതി കൈവരിക്കണമെന്ന് മോദി പുടിനോട് പറഞ്ഞിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. 

സംഘർഷത്തിനിടെ യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിച്ചതിന് പുടിനോട് നന്ദി പറയാനും മോദി മറന്നില്ല. അതേസമയം, സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് അറിയാമെന്നും "ഇതെല്ലാം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" എന്നുമായിരുന്നു പ്രധാനമന്ത്രിയോടുള്ള പുടിന്റെ പ്രതികരണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News