യുക്രെയ്‌നിനും ലോകസമാധാനത്തിനുമായി ഫാത്തിമയിലെത്തി പ്രാർഥിച്ച് മാർപ്പാപ്പ

1917ൽ കന്യാമറിയം 3 ഇടസഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായി കരുതുന്ന സ്ഥലത്താണ് ഫാത്തിമ മാതാ ദേവാലയമുള്ളത്

Update: 2023-08-06 12:59 GMT
Advertising

ലിസ്ബൺ: യുക്രെയ്‌നിനും ലോകസമാധാനത്തിനുമായി പോർച്ചുഗലിലെ ഫാത്തിമ മാതാ തീർഥാടന കേന്ദ്രത്തിലെത്തി പ്രാർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. യുക്രെയ്‌നെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും ഫാത്തിമയിൽ തടിച്ചുകൂടിയ തീർഥാടകർക്കൊപ്പം യുക്രെയ്‌നിനും ലോകത്തിനുമായി മാർപ്പാപ്പ പ്രാർഥനകളർപ്പിച്ചുവെന്ന് ഫാത്തിമാതാ ബിഷപ്പ് ജോസ് ഓർണലസ് പറഞ്ഞു.

ആഗസ്റ്റ് 2നാണ് അഞ്ചുദിവസത്തെ സന്ദർശനത്തിനായി മാർപ്പാപ്പ പോർച്ചുഗലിലെത്തിയത്. കാത്തോലിക്കാ യുവജന മേളയുടെ ഭാഗമായാണ് സന്ദർശനം.

ലിസ്ബണിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഫാത്തിമയിലെത്തിയ മാർപ്പാപ്പയെ വിവാ പാപ്പ വിളികളോടെയാണ് തീർഥാടകലക്ഷം എതിരേറ്റത്. മാർപ്പാപ്പയുടെ പ്രാർഥനയിലൂടനീളം PEACE എന്നെഴുതിയ ബലൂണുകൾ അന്തരീക്ഷത്തിൽ പാറിനടക്കുന്നുണ്ടായിരുന്നു. ലിസ്ബണിൽ നിന്ന് 103 കിലോമീറ്റർ അകലെയാണ് ഫാത്തിമ. ഇന്നലെ വൈകിട്ട് ലിസ്ബണിലേക്ക് മടങ്ങിയ മാർപ്പാപ്പ യുവജനമേളയുടെ ഭാഗമായ രാത്രി ജാഗരണ പ്രാർഥനയിൽ പങ്കെടുത്തു. ഇന്ന് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുകുർബാനയോടെ മേള സമാപിക്കും.

1917ൽ കന്യാമറിയം 3 ഇടസഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായി കരുതുന്ന സ്ഥലത്താണ് ഫാത്തിമ മാതാ ദേവാലയമുള്ളത്. രണ്ടാം ലോകമഹായുദ്ധമായതിനാൽ ലോകസമാധാനത്തിന് പ്രാർഥിക്കാൻ കന്യാമറിയം കുഞ്ഞുങ്ങളോട് അഭ്യർഥിച്ചുവെന്നാണ് വിശ്വാസം. ഇവരിൽ രണ്ടു പേരെ മാർപ്പാപ്പ 2017ൽ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News