അതിർത്തി കടക്കാൻ നീക്കം; ഇറാനിൽ റാപ്പർ തൂമാജ് സലേഹി അറസ്റ്റിൽ
രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സലേഹിയുടെ അറസ്റ്റ്.
ടെഹ്റാൻ: ഇറാനിൽ പ്രമുഖ റാപ്പറും ആക്ടിവിസ്റ്റുമായ തൂമാജ് സലേഹി അറസ്റ്റിൽ. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇറാൻ സുരക്ഷാ സേനയാണ് സലേഹിയെ അറസ്റ്റ് ചെയ്തതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് സലേഹിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ അദ്ദഹത്തിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി. അറസ്റ്റിലാവുന്ന സമയം സലേഹി ചഹർമഹൽ- ബഖ്തിയാരി പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തായിരുന്നു എന്നാണ് കുടുംബം പറയുന്നത്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സലേഹിയുടെ അറസ്റ്റ്.
ക്രൂരമായ അതിക്രമങ്ങൾക്കാണ് അദ്ദേഹം ഇരയാവുന്നതെന്ന് തൂമാജിന്റെ അമ്മാവൻ എഘ്ബാൽ എഘ്ബാലി ആരോപിച്ചു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഇറാൻ ജനതയും അന്താരാഷ്ട്ര സമൂഹവും രംഗത്തുവരണമെന്നും അമ്മാവൻ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തിനെതിരായ കുപ്രചരണം നടത്തിയെന്ന കുറ്റമാണ് സലേഹിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കി. ഷഹിൻഷഹർ സിറ്റിയിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്താൻ പ്രധാന പങ്കുവഹിച്ചയാളാണ് സലേഹിയെന്നും ഇറാനിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായതിനു പിന്നാലെ തനിക്ക് തെറ്റ് പറ്റിയെന്നും താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നും വ്യക്തമാക്കുന്ന സലേഹിയുടെ ഒരു വീഡിയോ പുറത്തുവന്നു. എന്നാൽ ഇത് ബലപ്രയോഗത്തിലൂടെ പറയിപ്പിച്ചതാണെന്നാണ് ആക്ടിവിസ്റ്റുകളുടെ ആരോപണം.
22കാരിയായ മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്ത് ഉടലെടുത്ത പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ തൂമാജ് സലേഹി, ഭരണകൂടത്തിനെതിരെ നിരന്തരം രംഗത്തെത്തുന്ന ഗായകനാണ്.