തുർക്കിയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ മാറുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ലോകം ഉറ്റുനോക്കുന്നത്
അങ്കാറ: തുർക്കിയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ മാറുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ലോകം ഉറ്റുനോക്കുന്നത്. കെമാൽ ക്ല്ച്ദാറോളുവാണ് ഉർദുഗാന്‍റെ മുഖ്യ എതിരാളി. ലോകരാഷ്ട്രീയത്തിൽ നിർണായക സ്വാധീനം നേടിയെടുത്ത റജബ് ത്വയ്യിബ് ഉർദുഗാൻ ഒരിക്കൽ കൂടി തുർക്കിയിൽ ജനവിധി തേടുകയാണ്.
ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് ഉർദുഗാനെ നേരിടുന്നത്. നേഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി സിഎച്പി പാർട്ടിയുടെ നേതാവ് 74കാരനായ കെമാൽ ക്ല്ച്ദാറോളുവാണ്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്ച്.പി. ഇടതുപക്ഷ പാർട്ടികളും വലതുപക്ഷ സംഘടനകളും ഇസ്ലാമിസ്റ്റ് പാർട്ടികളും എല്ലാം ചേർന്നതാണ് നേഷൻ അലയൻസ്.
ഇസ്ലാമിക ഖിലാഫതിനമ പഴയ പ്രതാപത്തിലേക്ക് തുർക്കിയെ നയിക്കുകയെന്ന ദൗത്യമാണ് ഉർദുഗാൻ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് ഉർദുഗാന്റെ മുന്പിലെ വലിയവെല്ലുവിളി. 50,000 ത്തിലധികം മനുഷ്യജീവനുകളെടുത്ത ഭൂകമ്പത്തിൽ ഭരണകൂടം വേഗത്തിൽ ഇടപെട്ടിട്ടില്ല എന്ന വിമർശനവും പ്രതിപക്ഷം ശക്തമായി ഉയർത്തുന്നു.
ഉർദുഗാൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നതാണ് നേഷൻ അലയൻസിന്റെ പ്രധാന വാഗ്ദാനം. മുഹര്‍റം ഇന്‍സ് ,സിനാന്‍ ഒഗാന്‍ എന്നീ രണ്ട് അപ്രധാന സ്ഥാനാർഥികൾ കൂടി മത്സര രംഗത്തുണ്ട്. ഇന്ന് രാത്രിയോടെ ഫലമറിഞ്ഞു തുടങ്ങും. ഒരു സ്ഥനാർഥി 51 ശതമാനം വോട്ടുകൾ നേടണം ജയിക്കാൻ. ഇല്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.