ഹാരിയും മേഗനും ക്രിസ്‌മസ് ആഘോഷത്തിന് കൊട്ടാരത്തിലേക്കില്ല; ഭിന്നത തുടരുന്നു
2020 മുതൽ രാജപദവികൾ ഉപേക്ഷിച്ച് ഭാര്യ മേഗനും മൂന്ന് മക്കൾക്കുമൊപ്പം കാലിഫോർണിയയിലാണ് ഹാരിയുടെ താമസം.
ലണ്ടൻ: സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും, മേഗൻ മാർക്കിളും രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ എത്തില്ലെന്ന് റിപ്പോർട്ട്. ഹാരി രാജകുമാരന്റെ ഓർമ പുസ്തകം പുറത്തിറങ്ങാനിരിക്കെ പിതാവും ബ്രിട്ടന്റെ പുതിയ രാജാവുമായി ചാൾസ് മൂന്നാമന്റെ ക്ഷണം ദമ്പതികൾ നിരസിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ജനുവരി 10നാണ് ഹാരിയുടെ ഓർമപുസ്‌തകം പുറത്തിറങ്ങുക. 'സ്പെയർ' എന്നാണ് പുസ്‌തകത്തിന്റെ പേര്.
രാജകുടുംബവും ഹാരി രാജകുമാരനും തമ്മിലുള്ള ഭിന്നത തീവ്രമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കടുത്ത മനസികാഘാതങ്ങളിൽ നിന്ന് സ്നേഹത്തിലൂടെ മോചനം നേടിയതാണ് പുസ്തകത്തിലൂടെ ഹാരി രാജകുമാരൻ തുറന്നെഴുതുന്നത്. രാജകുടുംബവുമായി ഭിന്നത തുടരുന്നതിനിടെ ഹാരിയുടെ പുസ്തകം നിർണായകമാകും. 2020 മുതൽ രാജപദവികൾ ഉപേക്ഷിച്ച് ഭാര്യ മേഗനും മൂന്ന് മക്കൾക്കുമൊപ്പം കാലിഫോർണിയയിലാണ് ഹാരിയുടെ താമസം.
ഹാരിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഉറ്റുനോക്കുകയാണ് ബ്രിട്ടൻ. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം തങ്ങളുടെ പുതിയ രാജാവായ ചാൾസ് മൂന്നാമനുമായി ബ്രിട്ടൻ ജനത പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ഇതിനിടെ രാജകുടുംബത്തിന്റെ മൂടുപടം വലിച്ചുകീറാൻ ഹാരിയുടെ പുസ്തകത്തിന് സാധിച്ചേക്കുമെന്ന തരത്തിൽ ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. 416 പേജുള്ള പുസ്തകത്തിൽ ഹാരി തന്റെ കഥ തന്നെയാണ് പറയുന്നത്. ദുഃഖത്തിനെതിരായ സ്നേഹത്തിന്റെ ശാശ്വത ശക്തിയെക്കുറിച്ചുള്ള ഉൾക്കാഴ്ച, വെളിപാട്, ആത്മപരിശോധന, കഠിനമായി നേടിയ ജ്ഞാനം എന്നിവ നിറഞ്ഞ ഒരു നാഴികക്കല്ലായ പ്രസിദ്ധീകരണമാണിതെന്ന് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു.
25 വർഷം മുമ്പ് തന്റെ അമ്മ ഡയാനയുടെ മരണത്തോട് രാജകുമാരൻ എങ്ങനെ പ്രതികരിച്ചു, അതിനുശേഷം ഡയാനയുടെ വിയോഗം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതും പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
രാജപദവികൾ ഉപേക്ഷിച്ചതിന് ശേഷം 2021 ൽ നൽകിയ അഭിമുഖത്തിൽ രാജകുടുംബത്തിനെതിരെ മേഗൻ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൊട്ടാരത്തിൽ വെച്ച് നേരിട്ട വംശീയ അധിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ മേഗൻ താൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്ന് പറഞ്ഞിരുന്നു. രാജകുടുംബത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായിരുന്നു ഇത്. രൂക്ഷ വിമർശനങ്ങളാണ് പൊതുജനങ്ങളിൽ നിന്നടക്കം എലിസബത്ത് രാജ്ഞിയും രാജകുടുംബവും നേരിട്ടത്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹാരിയുടെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. ഇംഗ്ളീഷ് അടക്കം 16 ഭാഷകളിൽ പുസ്തകം പുറത്തിറങ്ങും. കൂടാതെ ഹാരി രാജകുമാരന്റെ സ്വരത്തിലുള്ള ഓഡിയോ ബുക്കും ജനുവരിയിൽ പുറത്തിറങ്ങും.