10,000 സൈനികർ യുക്രൈനിൽ കൊല്ലപ്പെട്ടതായി റഷ്യ അനുകൂല പത്രം
വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട കണക്കുകൾ പെട്ടെന്ന് തന്നെ നീക്കിയെങ്കിലും അതിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.
പതിനായിരത്തോളം റഷ്യൻ സൈനികർ യുക്രൈനിൽ കൊല്ലപ്പെട്ടതായി റഷ്യ അനുകൂല പത്രം. 'കോംസോമോൽസ്‌കായ പ്രാവ്ദ' എന്ന പത്രത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട കണക്കുകൾ പെട്ടെന്ന് തന്നെ നീക്കിയെങ്കിലും അതിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. യുക്രൈൻ പുറത്തുവിടുന്ന കണക്കുകൾ ഖണ്ഡിക്കുന്നതിനായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഈ കണക്കുകൾ.
15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. എന്നാൽ 9,861 സൈനികർ കൊല്ലപ്പെടുകയും 16,153 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റഷ്യൻ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തിൽ 'പ്രാവ്ദ' കണക്കുകളൊന്നും പറയുന്നില്ല. റഷ്യൻ അനുകൂലമായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് കാലാൾപ്പട യുദ്ധവാഹനങ്ങൾ, ആറ് ഫീൽഡ് പീരങ്കികൾ, മോർട്ടാറുകൾ എന്നിവ നശിപ്പിക്കുകയും യുക്രൈനിയൻ ദേശീയവാദ രൂപീകരണത്തിനായി പ്രവർത്തിക്കുന്ന 60 പോരാളികളെ വധിക്കുകയും ചെയ്തതായി പുതിയ റിപ്പോർട്ടിൽ പറയുന്നു.
അധിനിവേശം തുടങ്ങി ഏകദേശം ഒരു മാസത്തോട് അടുക്കുമ്പോഴും യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കനത്ത പ്രതിരോധമാണ് യുക്രൈൻ സൈന്യം ഉയർത്തുന്നത്. അതേസമയം റഷ്യൻ ആക്രമണത്തിൽ നിരവധി യുക്രൈൻ നഗരങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.
മാർച്ച് രണ്ടിന് ശേഷം തങ്ങളുടെ സൈനികർക്ക് പരിക്കേറ്റതായി റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 7000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 20 വർഷത്തെ ഇറാഖ്, അധിനിവേശത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണത്തെക്കാൾ കൂടുതലാണിത്. 3,000-10,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.