കൈറോയിലെ വെടിനിർത്തൽ കരാർ ചർച്ചയിൽ പുരോഗതി
ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്തിയാർജിച്ചത് നെതന്യാഹു സർക്കാറിന് തലവേദനയാകുന്നു
ദുബൈ: കൈറോയിൽ തുടരുന്ന വെടിനിർത്തൽ കരാർ ചർച്ചയിൽ പുരോഗതി. മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിർത്തൽ കരാർ നിർദേശത്തിൽ കൈറോയിൽ ചർച്ച തുടരുന്നതായി ഹമാസ് അറിയിച്ചു. സി.ഐ.എ മേധാവി വില്യം ബേൺസും ഖത്തർ സംഘവും കൈറോയിലുണ്ട്.
മൊസാദ് മേധാവിയുടെ നേതൃത്വത്തിലുള്ള ഇസ്രായേൽ സംഘം ഉടൻ കൈറോയിൽ എത്തും എന്നാണ് സൂചന. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടുമതി കൈറോയിലേക്ക് സംഘത്തെ അയക്കാൻ എന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മുമ്പ് സംഭവിച്ചതു പോലെ അവസാനഘട്ടത്തിൽ വെടിനിർത്തൽ ചർച്ച അട്ടിമറിക്കാൻ നെതന്യാഹു ശ്രമിച്ചേക്കുമെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ മുന്നറിയിപ്പ് നൽകുന്നു. ഫലസ്തീൻ ജനതയുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള നടപടികളാവും തങ്ങൾ ചർച്ചയിൽ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് നടക്കും. കൈറോ ചർച്ചയുടെ പുരോഗതി വിലയിരുത്തി തുടർനടപടി സ്വീകരിക്കാനാണ് യോഗം. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 40 ദിവസത്തെ വെടിനിർത്തലും മാനുഷിക വിതരണം അനുവദിക്കലും എന്ന നിർദേശത്തിൻമേലാണ് കൈറോ ചർച്ച.
ആദ്യഘട്ട വെടിനിർത്തൽ പ്രഖ്യാപിക്കുക, തുടർന്ന് മറ്റു കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുക എന്ന ധാരണയാണ് ചർച്ചയിൽ രൂപപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വത്തെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ അമേരിക്ക നീക്കം ശക്തമാക്കി.
ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്തിയാർജിച്ചതും നെതന്യാഹു സർക്കാറിന് തലവേദനയായി. തെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിലെ എഴുപത് കേന്ദ്രങ്ങളിൽ ഇന്നലെ രാത്രി വൻപ്രതിഷേധ പരിപാടികളാണ് നടന്നത്.
അടിയന്തര വെടിനിർത്തൽ കരാർ, ഉടൻ തെരഞ്ഞെടുപ്പ് എന്നീ രണ്ടാവശ്യങ്ങൾ മുൻനിർത്തിയാണ് പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയത്. അതേസമയം റഫ ആക്രമണ പദ്ധതിയിൽ മാറ്റമില്ലെന്ന് ഇസ്രായേൽ പറയുന്നു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള കരയാക്രമണം കൂടിയേ തീരൂ എന്ന നിലപാടിലാണ് നെതന്യാഹു.
എന്നാൽ, കരയാക്രമണത്തിനു പകരം ഹമാസിനെ തുരത്താൻ മറ്റു ചില വഴികൾ ഇസ്രായേലിന് മുമ്പാകെയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽവിരുദ്ധ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം പലയിടങ്ങളിലും തുറന്ന സംഘർഷത്തിലേക്ക് നയിച്ചു. വിദ്യാർഥികളും സുരക്ഷാ വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അറസ്റ്റിലായവരുടെ എണ്ണം 2600 കവിഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. പുതുതായി 32 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 34,654 ആയി.