ആറു സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആയിരങ്ങൾ
ബന്ദികളുടെ ബന്ധുക്കളാണ് നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
ഗസ്സ: കരയുദ്ധത്തിൽ ആറു സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. അതിനിടെ ബന്ദികളെ മോചിപ്പിക്കാത്തതിൽ ജറുസലേമിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ ആയിരങ്ങൾ പ്രതിഷേധവുമായെത്തി. ബന്ദികളുടെ കുടുംബങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചു ദിവസം മുമ്പ് തുടങ്ങിയ മാർച്ചാണ് നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ സമാപിക്കുന്നത്.
The continuation of the demonstrations of tens of thousands of people towards Netanyahu's office
— The Fact Finder (@FactualNarrator) November 18, 2023
More than 30,000 Israelis are approaching Netanyahu's office in occupied Jerusalem. pic.twitter.com/PayMBB1wB3
അതേസമയം പല ഇസ്രായേലി ബന്ദികളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഹമാസ് അറിയിച്ചു. ബന്ദികളെ സൂക്ഷിച്ച ചില ഗ്രൂപ്പുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ് വക്താവ് പറഞ്ഞു.
ഫലസ്തീൻ മനുഷ്യക്കുരുതിയുടെ പൂർണ ഉത്തരവാദിത്തം യു.എസിനാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലുകയെന്നതാണ് ഇസ്രായേൽ നയം. അന്തർദേശീയ സമൂഹം തുടരുന്ന മൗനം അനിയന്ത്രിത കുരുതിക്ക് അവസരമാകുന്നു. ഫലസ്തീന്റെ സ്വാതന്ത്ര്യവും ഭൂമിക്കുമേലുള്ള അവകാശവും ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്നും ഹംദാൻ വ്യക്തമാക്കി.