'സ്വാതന്ത്ര്യം വേണം': ആസ്ത്രേലിയയില്‍ ലോക്ഡൗണിനെതിരെ പ്രതിഷേധം
കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്ന സാഹചര്യത്തിലാണ് ആസ്ത്രേലിയ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
ആസ്ത്രേലിയയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം. സിഡ്നി, മെൽബൻ, ബ്രിസ്ബെൻ എന്നീ നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്ന സാഹചര്യത്തിലാണ് ആസ്ത്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാസ്ക് പോലും ധരിക്കാതെയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പല സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കുപ്പികളെറിഞ്ഞു. സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഒക്ടോബര്‍ വരെ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ വര്‍ഷത്തേക്കാളും ഗുരുതരമാണ് രാജ്യത്തെ കോവിഡ് സാഹചര്യമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറയുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ കോവിഡ് കേസുകളുടെ എണ്ണം കൂട്ടുമെന്ന് ന്യൂ സൌത്ത് വെയില്‍സിലെ പൊലീസ് മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. സ്വന്തം സുരക്ഷ മാത്രമല്ല അവര്‍ അപകടത്തിലാക്കുന്നത്. കോവിഡിനൊപ്പം ഇത്തരക്കാരെ കൂടി കരുതിയിരിക്കണം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്‍റൈനില്‍ ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആസ്ത്രേലിയയിൽ ജനസംഖ്യയുടെ11 ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചത്. വാക്സിന്‍ വിതരണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണമുണ്ട്. വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.