'യുദ്ധം വേണ്ട': റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു
റഷ്യയിൽ അനധികൃതമായ പ്രതിഷേധമാണ് നടക്കുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും പൊലീസ് മുന്നറിയപ്പു നൽകി
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത്തരത്തിൽ റഷ്യയിൽ പ്രതിഷേധം സംഘടിപ്പിച്ച 1400 ലധികം വരുന്ന റഷ്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
റഷ്യ യുദ്ധത്തിന് എതിരാണ്, യുക്രൈൻ ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിൻ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ''എനിക്ക് വാക്കുകളില്ല, അസ്വസ്ഥത തോന്നുന്നു. എന്തുപറയാനാണ്? ഞങ്ങൾ അശക്തരാണ്. വേദന തോന്നുന്നു'- എന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടി പ്രതികരിച്ചത്. യുക്രൈൻ പതാകയുടെ നിറത്തിലുള്ള ബലൂണുകളുമായാണ് ഒരു സ്ത്രീ പ്രതിഷേധത്തിനെത്തിയത്. 'ഇന്ന് രാവിലെ ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. അതുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയല്ല' എന്നായിരുന്നു ഒരു യുവാവിൻറെ പ്രതികരണം.
ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവർ അറസ്റ്റും തുടർ നടപടികളും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാൻ എല്ലാ സന്നാഹങ്ങളോടെയും പൊലീസ് അണിനിരന്നു. 1400ലധികം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
യുക്രൈനിലെ റഷ്യൻ നടപടിയെ അപലപിച്ച് മാധ്യമപ്രവർത്തകർ നിവേദനത്തിൽ ഒപ്പുവെച്ചു. യുദ്ധത്തെ അനുകൂലിക്കരുതെന്ന് മോസ്‌കോ, സെൻറ് പീറ്റേഴ്‌സ്ബർഗ്, സമാറ തുടങ്ങിയ നഗരങ്ങളിലെ മുനിസിപ്പൽ ഡപ്യൂട്ടിമാർ ജനങ്ങൾക്ക് തുറന്ന കത്തെഴുതി- 'ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ഞങ്ങൾ, യുക്രൈനെതിരായ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ നിരുപാധികം അപലപിക്കുന്നു. ഇത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ന്യായീകരിക്കാനാവില്ല'- എന്നാണ് കത്തിൽ പറയുന്നത്.
ജപ്പാനിലെ ടോക്കിയോയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ നടന്ന റാലിയിൽ ജാപ്പനീസ്, ഉക്രേനിയൻ പ്രതിഷേധക്കാർ പങ്കെടുത്തു
സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന യുക്രേനിയൻ ജനതയുടെ പ്രതിഷേധത്തിനിടെ ഒരാൾ പോസ്റ്റർ പ്രദർശിപ്പിക്കുന്നു
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പാരീസിൽ നടന്ന പ്രതിഷേധം