ഹമാസുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച പറ്റി; നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനരോഷം ഉയരുന്നു

യുദ്ധത്തില്‍ 1300 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതും പൊതുരോഷത്തിന് ആക്കം കൂട്ടി

Update: 2023-10-19 05:35 GMT
Editor : Jaisy Thomas | By : Web Desk

നെതന്യാഹു

Advertising

തെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ക്യാബിനറ്റിനുമെതിരെ ജനരോഷം ഉയരുന്നു. യുദ്ധത്തില്‍ 1300 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതും പൊതുരോഷത്തിന് ആക്കം കൂട്ടി.

ഹമാസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേലി ക്യാബിനറ്റ് മന്ത്രിയെ ആശുപത്രി സന്ദര്‍ശകരുടെ പ്രവേശന കവാടത്തില്‍ ആളുകള്‍ തടഞ്ഞു. മറ്റൊരു മന്ത്രിയുടെ അംഗരക്ഷകര്‍ക്കു നേരെ ഒരാള്‍ കാപ്പി ഒഴിക്കുകയും ചെയ്തു. ആശ്വസിപ്പിക്കാനെത്തിയ വേറൊരു മന്ത്രിയെ രാജ്യദ്രോഹി,വഞ്ചകന്‍ എന്നു വിളിച്ചാണ് ജനങ്ങള്‍ പരിഹസിച്ചത്. 'ഒക്ടോബര്‍ 2023 പരാജയം' എന്ന തലക്കെട്ടോടെയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ദിനപത്രമായ യെദിയോത്ത് അഹ്റോനോത്ത് ഇറങ്ങിയത്. 1973 ഒക്ടോബറില്‍ ഒരു ഇരട്ട ഈജിപ്ഷ്യന്‍, സിറിയന്‍ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ ഇസ്രയേലിനു സംഭവിച്ച പരാജയം ഓര്‍മ്മിപ്പിക്കാനാണ് പത്രം ഈ തലക്കെട്ട് നല്‍കിയത്. ഈ പരാജയം ഒടുവില്‍ അന്നത്തെ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ രാജിവയ്ക്കുന്നതിനുവരെ കാരണമായി.

മാരിവ് പത്രത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 21% ഇസ്രായേലികളും നെതന്യാഹു യുദ്ധാനന്തരം പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ 66 ശതമാനം പേര്‍ നെതന്യാഹുവിനെതിരെയാണ് സംസാരിച്ചത്. 13 ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ, നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിക്ക് അതിന്‍റെ മൂന്നിലൊന്ന് സീറ്റുകൾ നഷ്ടപ്പെടുമെന്നും പ്രധാന എതിരാളിയായ ബെന്നി ഗാന്‍റസിന്‍റെ സെൻട്രൽ നാഷണൽ യൂണിറ്റി പാർട്ടി മൂന്നിലൊന്ന് വളർച്ച നേടുമെന്നും സർവേയില്‍ കണ്ടെത്തി.

ഉന്നത ഉദ്യോഗസ്ഥരുമായും വിദേശ പ്രതിനിധികളുമായുമുള്ള ചര്‍ച്ചകളുടെ തിരക്കിലായ നെതന്യാഹു പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം ആളുകളുടെ ബന്ധുക്കളെ ക്യാമറകളുടെ അകമ്പടിയില്ലാതെ അദ്ദേഹം കണ്ടിരുന്നു. മുറവിളി ഉയരുന്നതിനിടയിൽ നെതന്യാഹുവിന്‍റെ ഭാര്യയും ഒരു കുടുംബത്തെ സന്ദര്‍ശിച്ചു. ഇസ്രായേൽ ചരിത്രത്തിലെ സിവിലിയന്മാർക്കെതിരായ ഏറ്റവും മോശമായ ആക്രമണം മുൻകൂട്ടി കാണുന്നതിനും തടയുന്നതിനും പരാജയപ്പെട്ടതായി അദ്ദേഹത്തിന്‍റെ ഉന്നത ജനറൽ, പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ മന്ത്രി, ധനമന്ത്രി, രഹസ്യാന്വേഷണ മേധാവികൾ എന്നിവർ സമ്മതിച്ചിട്ടും നെതന്യാഹു ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തിയിട്ടില്ല.ഹമാസിന്‍റെ ഉന്മൂലനം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News