'സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണം'-താലിബാനോട് ഖത്തർ

ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പുതിയ അഫ്ഗാൻ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അൽകുന്ദുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2021-09-13 15:07 GMT
Editor : Shaheer | By : Web Desk
Advertising

സ്ത്രീ അവകാശങ്ങൾ മാനിക്കണമെന്ന് താലിബാനോട് ഖത്തർ. ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ആൽഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് വെസ് ലെ ഡ്രിയനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഖത്തർ ഉപപ്രധാനമന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് പ്രതികരിച്ചത്.

അഫ്ഗാൻ ജനതയുടെ നേട്ടങ്ങൾ, പ്രത്യേകിച്ചും സ്ത്രീ അവകാശങ്ങൾ മാനിക്കണമെന്ന് താലിബാനോടും താലിബാൻ സർക്കാരിനോടും തങ്ങൾ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അഫ്ഗാന്റെ വികസനത്തിൽ സ്ത്രീകൾക്കുള്ള പങ്ക് വകവച്ചുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസവും ആവർത്തിച്ചിട്ടുണ്ട്-ശൈഖ് മുഹമ്മദ് പറഞ്ഞു.

പുതിയ അഫ്ഗാൻ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അൽകുന്ദുമായും മറ്റ് താലിബാൻ സർക്കാർ വൃത്തങ്ങളുമായും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച കാബൂളിലായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്ര സമൂഹവുമായി ചർച്ച നടത്താൻ താലിബാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. കാബൂളിൽ താലിബാൻ നിയന്ത്രണം പിടിച്ചടക്കിയ ശേഷം അടച്ച വിവിധ രാജ്യങ്ങളുടെ എംബസികൾ തുറയ്ക്കാനായി അന്താരാഷ്ട്ര നേതാക്കളുമായി ചർച്ച നടത്താന്‍ തയാറാണെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News