എലിസബത്ത് ഇനി ചരിത്രം
1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്.
ആധുനികതിയിലേക്ക് ലോകം പൂർണമായി മാറുന്നതിന്റെ സുപ്രധാനഘട്ടങ്ങളെ കണ്ടുനിന്ന, അതിനൊപ്പം സഞ്ചരിച്ച ഒരു രാജാധികാരിയെന്ന നിലയിൽ രണ്ടാം എലിസബത്ത് രാജ്ഞിയെ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയാധികാരമില്ലെങ്കിലും യു.കെ, ഓസ്‌ട്രേലിയ, ക്യാനഡ സ്വിറ്റ്‌സർലൻഡ് അടക്കം 15 രാജ്യങ്ങളുൾപ്പെടുന്ന കോമൺവെൽത് സാമ്രാജ്യത്തിന്റെ അധിപതിയാണ് എലിസബത്ത് രാജ്ഞി.
''എനിക്ക് യുദ്ധങ്ങൾ നയിക്കാനാവില്ല, നിയമങ്ങൾ നിർമിക്കാനോ നീതി നടപ്പാക്കാനോ കഴിയില്ല പക്ഷേ എനിക്ക് എന്റെ ഹൃദയവും കൂറും ഈ പുരാതന ദ്വീപുകൾക്കും അവയുടെ സഹോദരരാജ്യങ്ങളിലെ ജനതയ്കുമായി സമർപ്പിക്കാനാവും'' എന്ന അവരുടെ വാക്കുകൾ തന്റെ അധികാരത്തെയും കടമയെയും കുറിച്ച് അവരുടെ കാഴ്ചപ്പാടിനെ തുറന്നുകാട്ടുന്നു.
1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേയ്‌ഫെയറിലാണ് എലിസബത്ത് അലക്‌സാണ്ഡ്ര മേരിയുടെ ജനനം. കൊട്ടാരത്തിൽ സ്വകാര്യമായായിരുന്നു അവരുടെ വിദ്യാഭ്യാസം . 14 ആം വയസിൽ ആദ്യ റേഡിയോ പ്രഭാഷണം നടത്തി. 18 ആം വയസിൽ സൈനിക സേവനം ആരംഭിച്ചു. ഡ്രൈവറായും മെക്കാനിക്കായും പരിശീലനം ലഭിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയായി. 1947 നവംബർ 20 ന് എലിസബത്തും ഗ്രീക്ക്-ഡാനിഷ് രാജകുടുംബാഗംമായ ഫിലിപ്പ് രാജകുമാരനും വിവാഹിതരായി.
അധികാരത്തിലേക്ക്
1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. 26 ആം വയസിലാണ് എലിസബേത്ത് രാജാധികാരം ഏറ്റെടുക്കുന്നത്. 1953 ജൂൺ 2 ന് കിരീടധാരണം നടന്നു. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. 2 കോടി എഴുപത് ലക്ഷം ആളുകൾ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി.
1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്‌നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
വിവാദങ്ങളിൽ പതറാതെ
ഒരു വലിയ സാമ്രാജ്യത്തിന്റെ പരമോന്നത നേതാവായിരിക്കുന്നതിനൊപ്പം ലോകം ഉറ്റുനോക്കുന്നൊരു കുടുംബത്തിന്റെ നാഥയെന്ന നിലയ്ക്കും നിർണായക നിമിഷങ്ങളെ എലിസബത്ത് രാജ്ഞി നേരിട്ടു. രാജകുടുംബത്തേയും കൊട്ടാരത്തേയും ഉത്തരവാദിത്തത്തോടെ കൊണ്ടുനടന്നു. രാജകുടുംബം ഒരു ബാധ്യതയാണെന്ന മട്ടില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനങ്ങള്‍, കാലം മാറിയിട്ടും രാജകുടുംബത്തിനോടുള്ള സ്‌നേഹം കൈമോശം വരാത്ത കുറേപേര്‍. രണ്ടുവശവും രാജ്ഞി ഒരേപോലെ കൈകാര്യം ചെയ്തു.
മകനായ ചാൾസ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരിയുടെ അപകടമരണം അടക്കം രാജകുടുംബത്തെ അപവാദങ്ങളുടെ നിഴൽമൂടിയ നിരവധി സാഹചര്യങ്ങൾ. മൂന്ന് മക്കളുടെയും വിവാഹത്തിലുണ്ടായ കശപിശകളും വിവാഹമോചനവും നല്‍കിയ വിഷമവും, കൊച്ചുമക്കളും പിന്നെ അവരുടെ മക്കളും പകര്‍ന്ന രസങ്ങളും തമാശകളും കൊഞ്ചലുകളും അങ്ങനെ ഏതൊരു കുടുംബത്തിലുമെന്ന പോല്‍ കാരണവരായ റാണിക്ക് രസവും മധുരവും എരിവും ഒക്കെ നല്‍കുന്നതാണ് കുടുംബബന്ധങ്ങള്‍. അപ്പോഴെല്ലാം പദവിക്ക് നിരക്കുന്ന അന്തസ്സോടെ ഉത്തരവാദിത്തത്തോടെ ഔചിത്യത്തോടെ റാണി എല്ലാ പ്രശ്‌നങ്ങളും നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തു. രാജ്യത്തിന്റൈ പരമാധികാരി എന്ന നിലയിലും ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ചു.
ഗിന്നസ് ബുക്ക് രാജ്ഞി
ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് രണ്ട്. സാമൂഹിക-രാഷ്ട്രീയ രംഗവും കടന്ന് ഫാഷനിലുംവിനോദരംഗത്തും എലിസബത്ത് രാജ്ഞി വലിയ സ്വാധീനം പുലർത്തി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നുള്ള, ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ ഇരുന്ന വ്യക്തിയും എലിസബത്ത് രാജ്ഞി തന്നെയാണ്. എന്നാല്‍ രാജവാഴ്ചയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതിലെ ഒന്നാംസ്ഥാനം ഫ്രാന്‍സിന്റെ ലൂയി പതിനാലാമനാണ്. 1643-ല്‍ നാലാം വയസ്സിലാണ് അദ്ദേഹം രാജാവായത്. രണ്ടാംസ്ഥാനത്ത് എലിസബത്ത് രാജ്ഞി. മൂന്നാംസ്ഥാനത്തുള്ളത് തായ്ലന്‍ഡിന്റെ ഭൂമിബോല്‍ അതുല്യതേജാണ്.
ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിന് പേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.