'രാജ്ഞിയെ കണ്ടിട്ടുണ്ടോ?', 'ഇല്ലല്ലോ..'; അമേരിക്കൻ ടൂറിസ്റ്റുകളെ പറ്റിച്ച എലിസബത്ത്

എലിസബത്ത് രാജ്ഞിയുടെ അധികാരാരോഹണത്തിന്റെ 70-ാം വാർഷികാഘോഷ ചടങ്ങിലാണ് മുൻ റോയൽ പ്രോട്ടക്ഷൻ ഓഫിസർ റിച്ചാർഡ് ഗ്രിഫിൻ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്

Update: 2022-09-09 11:48 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: കഴിഞ്ഞ ജൂണിലാണ് എലിസബത്ത് രാജ്ഞിയുടെ അധികാരാരോഹണത്തിന്റെ 70-ാം വാർഷികം ബ്രിട്ടൻ രാജകീയമായി ആഘോഷിച്ചത്. ആഘോഷ പരിപാടിയിൽ മുൻ റോയൽ പ്രോട്ടക്ഷൻ ഓഫിസർ റിച്ചാർഡ് ഗ്രിഫിൻ രാജ്ഞിയെക്കുറിച്ചുള്ള കൗതുകകരമായൊരു സംഭവം വെളിപ്പെടുത്തി. സ്‌കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിനു സമീപത്തുകൂടെ നടക്കുകയായിരുന്ന അമേരിക്കൻ വിനോദസഞ്ചാരികളെ എലിസബത്ത് 'പറ്റിച്ച' കഥയായിരുന്നു അത്.

എലിസബത്ത് രാജ്ഞി ഒരു വിനോദയാത്രയ്ക്കായി ബാൽമോറൽ കൊട്ടാരത്തിലെത്തിയതായിരുന്നു അന്ന്. എന്നും രാവിലെ പുറത്തിറങ്ങുന്ന രാജ്ഞി നാട്ടുകാരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യും. ഇതിനിടയിലാണ് രണ്ട് യു.എസ് സഞ്ചാരികൾ അവരെ കാണുന്നതും പരിചയപ്പെടുന്നതും. തങ്ങൾക്കുമുന്നിൽ നിൽക്കുന്നത് എലിസബത്ത് രാജ്ഞിയാണെന്ന് അവർക്ക് മനസിലായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ലണ്ടനിലെ യാത്രാനുഭവങ്ങളും അടുത്ത യാത്രാലക്ഷ്യങ്ങളുമെല്ലാം വെളിപ്പെടുത്തി.

ഈ സമയത്താണ് കൂട്ടത്തിലുള്ള ഒരാൾ രാജ്ഞിയുടെ വിവരങ്ങൾ തിരക്കിയത്. നാടെവിടെയാണെന്ന് ചോദിച്ചപ്പോൾ ലണ്ടൻ എന്നായിരുന്നു എലിസബത്തിന്റെ മറുപടി. ബാൽമോറൽ കൊട്ടാരത്തിൽ മുൻപ് വന്നിട്ടുണ്ടോ എന്നായി ചോദ്യം. കഴിഞ്ഞ 80 വർഷമായി താനിവിടെ വന്നുപോകുന്നുണ്ടെന്നായിരുന്നു രാജ്ഞിയുടെ മറുപടി. ഇത്രയും തവണ ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഉറപ്പായും രാജ്ഞിയെ കണ്ടിട്ടുണ്ടാകുമല്ലോ എന്നായി ചോദ്യം.

രാജ്ഞിയുടെ മറുപടി ഏറെ രസകരമായിരുന്നു: ''ഏയ്, ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇയാൾ അവരെ സ്ഥിരമായി കാണാറുണ്ട്.'' റിച്ചാർഡ് ഗ്രിഫിനെ ചൂണ്ടിയായിരുന്നു അവരത് പറഞ്ഞത്. അതുകേട്ടതോടെ സഞ്ചാരികൾ അവരെ മാറ്റി ഗ്രിഫിനുനേരെ തിരിഞ്ഞു; ''ഓഹ്, നിങ്ങൾ രാജ്ഞിയെ കണ്ടിട്ടുണ്ടോ? എങ്ങനെയാണ് അവർ?'' അവസരം മുതലെടുത്ത് സംഘത്തെ ഒന്നുകൂടി കളിപ്പിക്കാമെന്നു കരുതി ഗ്രിഫിൻ. അവരൊരു മുരടൻ സ്വഭാവക്കാരിയാണെങ്കിലും നല്ല നർമബോധമുള്ളയാളാണെന്ന് ഗ്രിഫിൻ പ്രതികരിച്ചു.

പിന്നീടായിരുന്നു യഥാർത്ഥ രസം. അമേരിക്കൻ സഞ്ചാരി ക്യാമറ എലിസബത്ത് രാജ്ഞിക്കു നൽകി. എന്നിട്ട് ഗ്രിഫിനൊപ്പം തോൾചേർന്നുനിന്ന് ഒരു ഫോട്ടോ എടുത്തുതരാൻ ആവശ്യപ്പെട്ടു. രാജ്ഞി അത് എടുത്തുകൊടുക്കുകയും ചെയ്തു. എലിസബത്ത് രാജ്ഞിയെ കാണുകയും സംസാരിക്കുകയും ചെയ്യുന്നയാളാണെന്നു പറഞ്ഞ് നാട്ടിൽ ചെന്ന് കുടുംബക്കാരോട് മേനിപറയാമെന്നാകും അവർ ആലോചിച്ചത്. കൂട്ടത്തിൽ അവർ അറിയാതെയാണെങ്കിലും രാജ്ഞിക്കൊപ്പമുള്ള ഫോട്ടോ കൂടി അവർക്ക് എടുത്തുകൊടുത്താണ് ഗ്രിഫിൻ അവരെ യാത്രയാക്കിയത്. അത് അവർ കാണാൻ ആഗ്രഹിക്കുന്ന ആ രാജ്ഞിയാണെന്നു മാത്രം അവരോട് വെളിപ്പെടുത്തിയില്ല.

Summary: Former Royal Protection Officer Richard Griffin reveals an incident when the Queen Elizabeth II played a prank on two American tourists who didn't recognise her

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News