എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് ലേലത്തിന് പോയത് വൻ തുകക്ക്
രാജ്ഞി അന്തരിച്ച സെപ്തംബർ എട്ടിന് വൈകുന്നേരം ആണ് രാഞ്ജി ഉപയോഗിച്ച വസ്തുക്കൾ ലേലത്തിന് വെച്ചത്. അതിൽ അടങ്ങിയതാണ് ടീ ബാഗും
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് ലേലത്തിൽ പോയത് വൻ തുകയ്ക്ക്. രാജ്ഞി അന്തരിച്ച സെപ്തംബർ എട്ടിന് വൈകുന്നേരം ആണ് ഉപയോഗിച്ച വസ്തുക്കൾ ലേലത്തിന് വെച്ചത്. അതിൽ അടങ്ങിയതാണ് ടീ ബാഗും. 12,000 യുഎസ് ഡോളർ (9.5 ലക്ഷം) ആണ് ടീ ബാഗിന് ലഭിച്ചത്.
രാജ്ഞി താമസിച്ചിരുന്ന വിൻഡ്സര്‍ കാസ്റ്റ്ലെ കൊട്ടാരത്തിൽ നിന്ന് കളവ് പോയതാണ് ഈ ടീ ബാഗ് എന്നതാണ് കൗതുകകരം. 90കളിൽ കൊട്ടാരത്തിൽ കൂറ ശല്യം രൂക്ഷമായിരുന്നു. ഇത് തുരത്താൻ ഒരാളെ ഏൽപ്പിച്ചിരുന്നു. ഇയാൾ ഈ ടീ ബാഗ് കൊട്ടാരത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയെന്നാണ് ലേല സൈറ്റിൽ ചേർത്തിരിക്കുന്നത്.
90കളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ ടീ ബാഗ് എന്നാണ് പറയപ്പെടുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായി ഇ-ബേയാണ് ടീ ബാഗ് ലേലത്തിന് വെച്ചിരിക്കുന്നത്. ആധികാരികയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതാണ് ടീ ബാഗിനെന്ന് ജോർജിയയിൽ നിന്നുള്ള വിൽപനക്കാരൻ പറയുന്നു.
നാല് പേർ ടീ ബാഗിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബ്രിട്ടനിൽ അംഗീകരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ ആരാണ് ടീ ബാഗ് വാങ്ങിയതെന്ന് വ്യക്തമല്ല. ടീ ബാഗിനെകൂടാതെ എലിസബത്ത് രാജ്ഞിയുടെതെന്ന് അവകാശപ്പെടുന്ന മറ്റു വസ്തുക്കളും ലേലത്തിന് വെച്ചിട്ടുണ്ട്. സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞത്. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അന്തരിക്കുമ്പോൾ എലിസിബത്തിന്റെ പ്രായം 96 ആയിരുന്നു. അതേസമയം ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി കഴിഞ്ഞ ദിവസം അധികാരമേറ്റു.