റഫാ അതിര്‍ത്തി ഇന്ന് തുറന്നേക്കില്ല
ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സ ജനതക്ക് കിട്ടിയ ചെറിയൊരു പ്രതീക്ഷയായിരുന്നു റഫ അതിര്‍ത്തി
തെല്‍ അവിവ്: ഗസ്സ- ഈജിപ്ത് റഫ അതിർത്തി ഇന്ന് തുറന്നേക്കില്ല. ഈജിപ്തിൽ റോഡ് നിർമാണം ആവശ്യമെന്ന് റിപ്പോർട്ട്.സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫലസ്തീന് സഹായമെത്തിക്കുന്നതിനായി റഫാ അതിര്‍ത്തി തുറന്ന് 20 ട്രക്കുകൾ കടത്തിവിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സ ജനതക്ക് കിട്ടിയ ചെറിയൊരു പ്രതീക്ഷയായിരുന്നു റഫ അതിര്‍ത്തി. ഈ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണമായിരിക്കുകയാണ്.
അതേസമയം ഗസ്സക്കു മേലുള്ള വ്യോമാക്രമണം പതിമൂന്നാം നാളിലും തുടരുമ്പോൾ കരയുദ്ധം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ. നൂറുകണക്കിന് നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു.യെമനിൽ നിന്നുള്ള മൂന്ന് മിസൈലുകൾ യു.എസ് പടക്കപ്പൽ തകർത്തതായി പെന്‍റഗൺ അറിയിച്ചു. ഗസ്സയിൽ കുരുതി തുടർന്നാൽ മേഖലയിൽ യുദ്ധം ഉറപ്പാണെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധ്യമായ എല്ലാ സൈനിക പിന്തുണയും ഉറപ്പാണെന്ന് ഇസ്രായേൽ സന്ദർശിച്ച ഋഷി സുനകും നെതന്യാഹുവിന് ഉറപ്പ് നൽകി.അടിയന്തര വെടിനിർത്തൽ വേണമെന്ന് ഈജിപ്തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.